Sorry, you need to enable JavaScript to visit this website.

ഉദ്യോഗസ്ഥരെ ബുള്‍ഡോസര്‍ കൊണ്ട് ഉരുട്ടണമെന്ന് മന്ത്രി ഗഡ്കരി


കേരളത്തിന്റെ പദ്ധതി വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് ഗഡ്കരിയുടെ രൂക്ഷവിമര്‍ശം


ന്യൂദല്‍ഹി- കാര്യങ്ങള്‍ ശരിയായി ചെയ്യാത്ത ഉദ്യോഗസ്ഥരെ ബുള്‍ഡോസര്‍ കൊണ്ടു ഉരുട്ടുകയാണു വേണ്ടതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് ആവശ്യമായ 21,000 കോടി രൂപയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് അറിയിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പദ്ധതിക്ക് അംഗീകാരം നല്‍കാതിരുന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ്  കേന്ദ്രമന്ത്രി രൂക്ഷമായി ശകാരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള കേരള സംഘത്തിന്റെ മുന്നില്‍വെച്ചാണ് ഗഡ്കരി തന്റെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കു കണക്കിനു കൊടുത്തത്. അന്തിമാനുമതിയുടെ ഉത്തരവ് ഇന്നലെ വൈകുന്നേരം തന്നെ കേരള സര്‍ക്കാരിനു നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന നേതാക്കളും ഉദ്യോഗസ്ഥരും ഇരിക്കുമ്പോള്‍ സാധാരണ മന്ത്രിമാര്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ പരസ്യമായി താക്കീതു ചെയ്യാറില്ലെന്ന പതിവ് തെറ്റിച്ചാണ് ഗഡ്കരി ഇന്നലെ കേരളത്തെ സഹായിക്കാന്‍ തയാറായത്.
'നിതിന്‍ ഗഡ്കരിയുമായി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട  ചില പ്രശ്‌നങ്ങളില്‍ നേരത്തേ അന്തിമ നിലപാടുകള്‍ ഉണ്ടായെങ്കിലും ശരിയായ തുടര്‍ച്ച ഉണ്ടായില്ല. അക്കാര്യത്തിലുള്ള ചെറിയ പരാതി മന്ത്രിയോടു പറയുകയും ചെയ്തു. കൂടുതല്‍ വിശദീകരിക്കുന്നതിനു മുമ്പേ, ഈ പ്രശ്‌നത്തെ ഗൗരവപൂര്‍ണമായി ഉള്‍ക്കൊണ്ടു ശക്തമായ നിലപാട് മന്ത്രി എടുത്തു-. സംഭവത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ ആവശ്യം തീര്‍ത്തും ന്യായമാണെന്ന പ്രതികരണമാണു തങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ മന്ത്രി നടത്തിയത്. തീരുമാനം നീണ്ടു പോയതില്‍ ന്യായീകരണമില്ല. എന്തു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ആവശ്യമായി നടപടിയെടുക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പെട്ടെന്നുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി.
ഭൂമിയേറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു കേരളം നേരത്തേ ഉറപ്പു നല്‍കിയിരുന്നു. ഇതിനുള്ള കരാറിന്റെ അന്തിമ അംഗീകാരമാണു ലഭിക്കേണ്ടിയിരുന്നത്. ഈ അംഗീകാരം ഉടന്‍ നല്‍കുമെന്നു പറഞ്ഞ മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. പാലക്കാട്-തൃശൂര്‍-വടക്കഞ്ചേരി റൂട്ടിലെ കുതിരാന്‍ തുരങ്കത്തിന്റെ മുടങ്ങിക്കിടക്കുന്ന നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

 

Latest News