ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസ് ഉള്ള വിവരം മറച്ചുവച്ചെന്ന പരാതിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ കേസെടുക്കാമെന്ന് സുപ്രീം കോടതി. ഈ പരാതിയില്‍ നേരത്തെ ഫഡ്‌നാവിസിന് ക്ലീന്‍ ചിറ്റ് നല്‍കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തള്ളി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോടതി വിധി ഫഡ്‌നാവിസിന് തിരിച്ചടിയായി. 2014ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് താന്‍ ഉള്‍പ്പെട്ട രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള വിവരം ഫഡ്‌നാവിസ് മറച്ചു വച്ചത്. ഫഡ്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അഭിഭാഷകനായ സതീഷ് യുകെ നല്‍കിയ ഈ കേസ് പുതുതായി പരിഗണിക്കണമെന്ന് വിചാരണ കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 1996ലും 2003ലും രജിസ്റ്റര്‍ ചെയ്ത രണ്ട് ക്രിമിനല്‍ കേസുകളിള്‍ ഉള്‍പ്പെട്ട കാര്യം ഫഡ്‌നാവിസ് മറച്ചുവെച്ചുവെന്നും അതിനാല്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരുന്നത്. ഈ കുറ്റത്തിന് ആറു മാസം വരെ തടവോ പിഴയെ അല്ലെങ്കില്‍ രണ്ടു ഒരുമിച്ചോ ആണ് ശിക്ഷ.