ന്യൂദൽഹി- അമേരിക്കയിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുത്ത ഹൗഡി മോഡി പരിപാടിയുടെ മറവിൽ വൻ അഴിമതി നടന്നതായി ആരോപണം. പരിപാടിയുടെ മുഖ്യ സ്‌പോൺസറായ ടെലൂറിയൻ കമ്പനിക്ക് മോഡി സർക്കാർ വഴിവിട്ട് കരാർ നൽകിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ത്യൻ എണ്ണക്കമ്പനികൾ കഴിഞ്ഞ മേയിൽ ഉപേക്ഷിച്ച പെട്രോനെറ്റ്-ടെലൂറിയൻ കരാർ മോഡി സർക്കാർ പുനരുജ്ജീവിപ്പിച്ചെന്നാണ് ആരോപണം. ടെലൂറിയൻ കമ്പനിയുമായി ചേർന്ന് പെട്രോനെറ്റ് ഇന്ധന ഇറക്കുമതിക്കരാർ ഒപ്പിട്ടതായാണ് വിമർശനവിധേയമായിരിക്കുന്നത്. ഒരു യു.എസ് കമ്പനിയുമായി ഇന്ത്യൻ എണ്ണക്കമ്പനികൾ ഏർപ്പെടുന്ന ഏറ്റവും വലിയ കരാറാണിത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഒ.എൻ.ജി.സി, ഒ.ഐ.സി, ബി.പി.സി.എൽ, ഗെയിൽ എന്നിവയുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് പെട്രോനെറ്റ്. കരാറിലൂടെ 'ഹൗഡി മോഡി' സ്‌പോൺസറായ ടെലൂറിയനു പ്രതിവർഷം ഇന്ത്യയിലേക്ക് അഞ്ചു ദശലക്ഷം ടൺ വരെ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനാകുമെന്നതാണു ധാരണ. 17,668 കോടി രൂപയാണു കരാർ ചെലവ്. ഹൗഡി മോദി പരിപാടിക്കിടെ മോഡിയുടെ സാന്നിധ്യത്തിൽ വീണ്ടും ധാരണാപത്രം മാത്രമാണ് ഒപ്പിട്ടതെന്നും അതു കരാറല്ലെന്നും വാദമുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇരുകമ്പനികളും തമ്മിൽ സമാനരീതിയിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഈ വർഷം പകുതിയോടെ അവസാന നിക്ഷേപം എന്നതായിരുന്നു അന്നത്തെ ധാരണ. എന്നാൽ കൂടുതൽ വ്യക്തത വരുത്തിയുള്ളതാണു പുതിയ ധാരണാപത്രമെന്നുള്ളതാണ് റിപ്പോർട്ടുകൾ. അടുത്തവർഷം മാർച്ചിൽത്തന്നെ കരാറിന് അന്തിമ രൂപം നൽകും.