മുംബൈ- ബിജെപി എംപിയും തീവ്ര ഹിന്ദുത്വവാദിയുമായ പ്രഗ്യ സിങ് ഠാക്കൂര്‍ മുഖ്യപ്രതിയായ 2008ലെ മാലെഗാവ് സ്‌ഫോടനക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന എന്‍.ഐ.എയുടെ ആവശ്യം കോടതി തള്ളി. വിചാരണ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടഞ്ഞ് നടപടികള്‍ സ്വകാര്യമാക്കണമെന്നായിരുന്നു എ.ഐ.എയുടെ ആവശ്യം. കേസ് പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് ഇതു തള്ളിയത്. 11 മാധ്യമ പ്രവര്‍ത്തകര്‍ എന്‍.ഐ.എയുടെ ഹരജി എതിര്‍ത്ത് കോടതിയെ സമീപിച്ചിരുന്നു.
കേസില്‍ വിചാരണ സുതാര്യമായി തന്നെ നടക്കണമെന്നതു കൊണ്ടാണ് എന്‍ഐഎയുടെ ആവശ്യം തള്ളുന്നതെന്ന് പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി വി.എസ് പഡല്‍ക്കര്‍ പറഞ്ഞു. യുഎപിഎ, എന്‍.ഐ.എ നിയമങ്ങള്‍ പ്രകാരമുള്ള സെന്‍സിറ്റീവ് ആയ കേസിന്റെ പ്രാധാന്യം പരിഗണിക്കണമെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. മാധ്യമങ്ങള്‍ ഈ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ അവരുടെ ഹരജി പരിഗണിക്കരുതെന്ന എന്‍ഐഎയുടെ ആവശ്യവും കോടതി തള്ളി.
വിചാരണ രഹസ്യമാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തെ പിന്തുണച്ച് കേസിലെ മുഖ്യപ്രതി പ്രഗ്യയും രംഗത്തെത്തിയിരുന്നു. താന്‍ മാധ്യമ വിചാരണയ്ക്ക് ഇരയായെന്നും തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുജനാഭിപ്രായത്തേയും സാക്ഷികളേയും സ്വാധീനിച്ചുവെന്നും പ്രഗ്യ വാദിച്ചിരുന്നു. കേസില്‍ പ്രഗ്യയെ കൂടാതെ തീവ്രഹിന്ദുത്വ സംഘടനയുമായി ബന്ധമുള്ള ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതും മറ്റു അഞ്ചു പേരും കൂടി പ്രതികളായുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിചാരണ ആരംഭിച്ചത്. ഇതുവരെ 120 സാക്ഷികളെ വിസ്തരിച്ചു.