Sorry, you need to enable JavaScript to visit this website.

സിക്കിം മുഖ്യമന്ത്രിയുടെ അയോഗ്യത തെരഞ്ഞെടുപ്പു കമ്മീഷന്‍ വെട്ടിക്കുറച്ചു; മത്സരിക്കാന്‍ വഴിയൊരുക്കി അസാധാരണ നടപടി

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമൊരുക്കി സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാംഗിന്റെ അയോഗ്യതാ കാലാവധി തെരഞ്ഞെടുപ്പു കമ്മീഷന്‍ വെട്ടിക്കുറച്ചു. തെരഞ്ഞെടുപ്പു നിയമത്തിലെ ഒരു വകുപ്പ് അനുസരിച്ചാണ് ഈ അസാധാരണ നടപടി. അഴിമതിക്കേസില്‍ കോടതി തടവിനു ശിക്ഷിച്ച തമാംഗിന് ആറു വര്‍ഷം തെരഞ്ഞെടുപ്പ് രംഗത്ത് വിലക്കുണ്ടായിരുന്നു. 2018 ഓഗസ്റ്റ് 10 മുതല്‍ 2024 ഓഗസ്റ്റ് 10 വരെയായിരുന്നു വിലക്ക്. ഇത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരു വര്‍ഷവും ഒരു മാസവുമാക്കി കഴിഞ്ഞ ദിവസമാണ് വെട്ടിക്കുറച്ചത്. ഇതോടെ ഇക്കഴിഞ്ഞ സെപ്തംബര്‍ 10ഓടെ തമാംഗിന്റെ വിലക്ക് നീങ്ങി. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 11 പ്രകാരം അയോഗ്യതാ കാലാവധി വെട്ടിക്കുറക്കണം  എന്നാവശ്യപ്പെട്ട് ജൂലൈയിലാണ് തമാംഗ് കമ്മീഷനെ സമീപിച്ചത്.

സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം) നേതാവായ തമാംഗിന് കഴിഞ്ഞ ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോഗ്യത കാരണം മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എസ്.കെ.എമ്മിനു ഭരണം ലഭിച്ചതോടെ മുഖ്യമന്ത്രിയായ തമാംഗിന് ആറു മാസത്തിനകം മത്സരിച്ച് ജയിക്കേണ്ടതുമുണ്ട്. ഒക്ടോബര്‍ 21ന് സിക്കിമില്‍ മൂന്ന് നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ബിജെപി എസ്.കെ.എമ്മുമായി സഖ്യമുണ്ടാക്കിയിരുന്നു. ഈ സഖ്യത്തിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ തമാംഗിന്റെ അയോഗ്യതാ കാലാവധി വെട്ടിക്കുറച്ച് അസാധാരണ നടപടി സ്വീകരിച്ചത്. നേരത്തെ ചില നേതാക്കളുടെ അയോഗ്യത വെട്ടിക്കുറച്ചത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നടപടി. 

മാസങ്ങള്‍ക്ക് മുമ്പ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 10 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രണ്ട് എംഎല്‍എമാര്‍ എസ്.കെ.എമ്മിലേക്കും കൂടുമാറിയിരുന്നു.
 

Latest News