Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കലാപം: ബില്‍ക്കിസ് ബാനുവിന് 50 ലക്ഷവും ജോലിയും രണ്ടാഴ്ച്ചക്കകം നല്‍കമണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിംവിരുദ്ധ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും ജോലിയും താമസ സൗകര്യവും രണ്ടാഴ്ച്ചക്കകം നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരമായി ഇവ നല്‍കണമെന്ന ഏപ്രിലിലെ സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഇന്നത്തെ ഉത്തരവ്. 2002 മാര്‍ച്ച് മൂന്നിനാണ് അഹമദാബാദിനടുത്ത രന്ദിക്പൂര്‍ ഗ്രാമത്തില്‍ കലാപകാരികള്‍ ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തെ ആക്രമിച്ചത്. അന്ന് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ ഹിന്ദുത്വ തീവ്രവാദികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്തു. കലാപത്തില്‍ ബില്‍ക്കീസിന്റെ രണ്ടര വയസ്സുള്ള മകളടക്കം 14 കുടുംബാംഗങ്ങളാണ് കൊല ചെയ്യപ്പെട്ടത്. മകളെ അമ്മയുടെ കയ്യില്‍നിന്നും തട്ടിയെടുത്ത് പാറയില്‍ അടിച്ചു കൊല്ലുകയായിരുന്നു.

ബില്‍ക്കീസിനെ ബലാത്സഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 11 പേരെ 2008ല്‍ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പോലീസുകാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ഏഴു പേരെ വെറുതെ വിടുകയും ചെയ്തു. ഈ ഏഴു പേരെ പിന്നീട് 2017 മേയില്‍ തെളിവു നശിപ്പിച്ച കുറ്റത്തിന് ഹൈക്കോടതി ശിക്ഷിച്ചു. ഇവര്‍ ഈ വിധിക്കെതിരെ കോടതിയെ സമീപിച്ചെങ്കിലും വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുകയും ചെയ്തിരുന്നു.
 

Latest News