ഷാജഹാന്‍പൂര്‍- ബിജെപി നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ ചിന്മയാന്ദ് ബലാത്സംഗം ചെയ്ത നിയമ വിദ്യാര്‍ത്ഥിനിയെ പിന്തുണച്ച് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി നല്‍കിയില്ല. പീഡനക്കേസില്‍ അറസ്റ്റിലായ ചിന്മയാനന്ദ് ആശുപത്രിയില്‍ എസി മുറിയില്‍ കഴിയുമ്പോള്‍ പീഡനത്തിന് ഇരയായ യുവതിയെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഷാജഹാന്‍പൂരില്‍ നിന്നും തലസ്ഥാനമായ ലഖ്‌നൗവിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. യുവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയെ വീട്ടുതടങ്കലിലാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടി കൊണ്ടു പോയി. ഷാജഹാന്‍പൂര്‍ ജില്ലാ അതിര്‍ത്തികളും പോലീസ് അടച്ചു.
ഷാജഹാന്‍പൂരില്‍ ബലാത്സംഗത്തിനിരയായ യുവതിയുടെ അവസ്ഥ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് ഇന്ന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രാദേശിക ഭരണകൂടം അനുമതി നല്‍കുന്നില്ല. ഈ മാര്‍ച്ച് എങ്ങനെ നിയമ ലംഘനമാകും?- ജിതിന്‍ പ്രസാദ പുറത്തു വിട്ട ഒരു ഓഡിയോ സന്ദേശത്തില്‍ ചോദിച്ചു.
യുവതി തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും ഒരു മാസത്തിനു ശേഷമാണ് പോലീസ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന്റെ സഹായികള്‍ യുവതിക്കെതിരെ കവര്‍ച്ചക്കേസ് നല്‍കിയിരുന്നു. യുവതിക്ക് ഇതില്‍ വ്യക്തമായ പങ്കില്ലെന്ന് ബോധ്യമായിട്ടും പോലീസ് പ്രതിചേര്‍ത്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ പോലീസ് ചെരിപ്പു പോലും ധരിക്കാന്‍ അനുവദിക്കാതെ യുവതിയെ വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. നാലു ദിവസമായി യുവതി ജയിലിലാണ്.