ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീസ് അൽഫഗത്തിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മറവുചെയ്തു. ഹറമിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം അൽശറായിഅ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്.
മുപ്പത് വർഷത്തോളം അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായിരുന്ന അബ്ദുൽ അസീസ് അൽ ഫഗത്തിന്റെ പിതാവ് ബദാഹ് ബിൻ അബ്ദുല്ല അൽഫഗം. പിതാവ് സർവീസിൽനിന്ന് വിരമിച്ചതിന് ശേഷമായിരുന്നു അൽഫഗം അബ്ദുല്ല രാജാവിന്റെ സുരക്ഷാ ചുമതലയേറ്റെടുത്തത്. അബ്ദുല്ല രാജാവ് മരിക്കുന്നത് വരെ ഏകദേശം പത്ത് വർഷം നിഴലായി നടക്കാൻ അൽഫഗമിന് കഴിഞ്ഞു. തുടർന്നാണ് സൽമാൻ രാജാവിന്റെ അംഗരക്ഷകനായി ചുമതലയേറ്റത്. ഇശാ നമസ്‌കാരത്തിൽ മരണത്തെ പറ്റിയുള്ള ഖുർആൻ സൂക്തമായിരുന്നു ഹറം ഇമാം സുദൈസ് പാരായണം ചെയ്തിരുന്നത്.
തന്റെ സുഹൃത്ത് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽസബ്തിയെ അൽശാത്തി സ്ട്രീറ്റിലെ വീട്ടിൽ സന്ദർശിക്കാനെത്തിയപ്പോഴാണ് അൽഫഗം കൊല്ലപ്പെട്ടത്. ഫൈസൽ അൽസബ്തിയുമായി സംസാരിച്ചു കൊണ്ടിരിക്കെ ഇരുവരുടെയും സുഹൃത്തായ മംദൂഹ് ആലു അലി അവിടേക്ക് വരികയും സംസാരത്തിൽ പങ്കുചേരുകയുമായിരുന്നു. ഏതാനും സമയത്തിന് ശേഷം മംദൂഹ് മേജർ ജനറൽ ഫഗമുമായി വാഗ്വാദത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതിനെ തുടർന്ന് ദേഷ്യം പിടിച്ച് പുറത്തുപോയ മംദൂഹ് തോക്കുമായി തിരിച്ചെത്തി ഫഗമിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഫൈസൽ അൽസബ്തിയുടെ സഹോദരൻ തുർക്കി അൽസബ്തിക്കും വീട്ടുജോലിക്കാരനായ ഫിലിപ്പീൻ സ്വദേശി ജിഫ്രി ദാൽവിനോ സർബോസിക്കും പരിക്കേറ്റു. സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയ സുരക്ഷാ സൈനികർക്ക് നേരെയും പ്രതി വെടിയുതിർത്തതിനെ തുടർന്ന് അഞ്ച് സേനാംഗങ്ങൾക്കും പരിക്കേറ്റു. സുരക്ഷാ സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ പ്രതി കൊല്ലപ്പെട്ടു. അൽഫഗമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായിരുന്ന അബ്ദുൽ അസീസ് അൽഫഗം അദ്ദേഹത്തിന്റെ മരണാനന്തരം സൽമാൻ രാജാവിന്റെ സുരക്ഷാ സൈനികനായി ചുമതലയേൽക്കുകയായിരുന്നു. വേൾഡ് അക്കാദമി ഫോർ ട്രെയിനിംഗ് ആന്റ് ഡവലപ്‌മെന്റ് ലോകത്തിലെ ഏറ്റവും മികച്ച അംഗരക്ഷകനായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. സൽമാൻ രാജാവിന്റെ യാത്രകളിലെല്ലാം ഫഗം അനുഗമിച്ചിരുന്നു. ജനാസ നമസ്‌കാരം ഇശാ നമസ്‌കാരത്തിന് ശേഷം മക്ക മസ്ജിദുൽ ഹറാമിൽ നടന്നു.
രാജ്യം കണ്ട ഏറ്റവും വിശ്വസ്തനായ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ അൽഫഗമിന്റെ കൊലപാതകത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും മക്ക പോലീസ് വക്താവ് വ്യക്തമാക്കി.
കിംഗ് ഖാലിദ് സൈനിക കോളേജിൽനിന്ന് സൈനിക പരിശീലനം പൂർത്തിയാക്കിയ ഫഗമിനെ പ്രവർത്തന മികവ് കാരണം റോയൽ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
ഫഗമിന്റെ മരണവാർത്തയറിഞ്ഞ സ്വദേശികൾ സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും അനുശോചന സന്ദേശമറിച്ചു കൊണ്ടിരിക്കുകയാണ്. അബ്ദുല്ല രാജാവിനും സൽമാൻ രാജാവിനും അദ്ദേഹം ചെയ്ത സുരക്ഷാ ക്രമീകരണങ്ങൾ വീഡിയോ സഹിതം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അൽഫഗമിന്റെ വിയോഗത്തിൽ ആരോഗ്യമന്ത്രി തൗഫീഖ് അൽറബീഅ, പാർപ്പിട മന്ത്രി മാജിദ് അൽഹുഖൈൽ, വാണിജ്യമന്ത്രി മാജിദ് അൽഖസബി തുടങ്ങിയവർ രാജാവിനും കിരീടാവകാശിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനമറിയിച്ചു.