ദുബായ്- പ്രവാസി ചിട്ടികള്‍ക്ക് പണമയക്കാന്‍ മണി എക്‌സ്‌ചേഞ്ചുകളുടെ സഹായം തേടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി ദുബായിലുള്ള ധനമന്ത്രി തോമസ് ഐസ്‌ക മണി എക്‌സ്‌ചേഞ്ച് മേധാവികളുമായി ചര്‍ച്ച നടത്തി. വിഷയത്തില്‍ രണ്ടു മാസത്തിനകം തീരുമാനമുണ്ടാവുമെന്ന് ധനമന്ത്രി പറഞ്ഞു.
ഒമാനിലെ എക്‌സ്‌ചേഞ്ചുകള്‍ മുഖേനെ പ്രവാസി ചിട്ടിയില്‍ നിന്നു പണമയക്കുന്നതിന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കിക്കഴിഞ്ഞു. യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അധികൃതരോടും അനുമതിക്ക് അപേക്ഷിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അനുമതി വേണ്ടതുണ്ട്.
എക്‌സ്‌ചേഞ്ചുകളുടെ കൂട്ടായ്മയായ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് (എഫ്ഇആര്‍ജി) മേധാവികളുമായുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എഫ്.ഇ.ആര്‍.ജി ചെയര്‍മാന്‍ മുഹമ്മദ് അല്‍ അന്‍സാരി, സെക്രട്ടറിയും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡിയുമായ അദീബ് അഹ്മദ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. കെ.എസ്.എഫ്.ഇയുടെയും എഫ്.ഇ.ആര്‍.ജിയുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത സമിതിക്ക് വൈകാതെ രൂപം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. ഉസാമ അല്‍ റഹ്മ, രാജീവ്‌റായ് പഞ്ചോളിയ, ഡോ. റാം ബുക്‌സാനി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.