ന്യൂദല്‍ഹി- കുതിച്ചുയരുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികളാരംഭിച്ചു. ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കാന്‍ ഉള്ളിയുടെ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി. എല്ലാ ഉള്ളി ഇനങ്ങള്‍ക്കും കയറ്റുമതി വിലക്ക് പ്രാബല്യത്തില്‍ വന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു. സെപ്തംബര്‍ 13ന് ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വിലയായി ടണ്ണിന് 850 ഡോളര്‍ എന്ന നിരക്കില്‍ നിജപ്പെടുത്തിയിരുന്നു. ഇതിലും കുറഞ്ഞ വിലയ്ക്ക് കയറ്റുമതി അനുവദിച്ചിരുന്നില്ല. ഇതു ഫലം ചെയ്യുന്നില്ലെന്ന് കണ്ടതോടെയാണ് കയറ്റുമതി പൂര്‍ണമായും വിലക്കിയത്.
ദല്‍ഹിയില്‍ ചില്ലറ വില്‍പ്പന വിപണിയില്‍ ഉള്ളിയുടെ വില കിലോ 60 മുതല്‍ 80 രൂപ വരെയായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ 40 രൂപയ്ക്കു മുകളിലാണ് വില. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴയും വെള്ളപ്പൊക്കവും മൂലം വിളനാശം ഉണ്ടായതിനെ തുടര്‍ന്നാണ് ഉള്ളി ലഭ്യത കുറഞ്ഞത്. വില നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ക്ക് ലഭ്യത ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ ശേഖരമായി വച്ചിരുന്ന 50,000 ടണ്‍ ഉള്ളി രാജ്യത്തുടനീളം വിതരണം ചെയ്യുന്നുണ്ട്.