ന്യുദല്‍ഹി- ട്രെയ്ന്‍ കയറുന്നതിനിടെ തൊപ്പിയിട്ട രണ്ടു പേര്‍ 'സാധനം' ട്രെയ്‌നില്‍ കയറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന ഒരു യാത്രക്കാരന്റെ ഫോണ്‍ വിളിയെ തുടര്‍ന്ന് പോലീസ് ട്രെയ്ന്‍ തടഞ്ഞിട്ട് അരിച്ചു പെറുക്കി പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. ന്യൂദല്‍ഹി-ഭോപാല്‍ ശതാബ്ദി എക്‌സ്പ്രസ് ട്രെയ്‌നാണ് യുപി പോലീസ് മഥുര സ്റ്റേഷനില്‍ തടഞ്ഞ് പരിശോധന നടത്തിയത്. വ്യാജ സന്ദേശത്തെ തുടര്‍ന്ന് ട്രെയ്ന്‍ 19 മിനിറ്റ് വൈകി. തൊപ്പിവച്ച യാത്രക്കാരുടെ 'സംശയകരമായ' സംസാരം കേട്ട മറ്റൊരു യാത്രക്കാരനാണ് ദല്‍ഹി പോലീസിനെ വിളിച്ചത്. ഈ വിവരം ഉടന്‍ യുപി പോലീസിനു കൈമാറുകയായിരുന്നു.
ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ, ആര്‍പിഎഫ്, മഥുര പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ട്രെയ്ന്‍ അരിച്ചു പെറുക്കിയത്. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് മഥുര പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ രാകേശ് കുമാര്‍ പറഞ്ഞു.
വ്യാജ സന്ദേശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചയാളെയും പോലീസ് ബന്ധപ്പെട്ടു. ന്യൂദല്‍ഹിയില്‍ നിന്നും ഹൈദരാബാദിലേക്കു പുറപ്പെട്ട യാത്രക്കാരനാണ് വിളിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളോട് ദല്‍ഹിയില്‍ തിരിച്ചെത്താന്‍ റെയില്‍വെ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതൊരു വ്യാജ ഫോണ്‍ വിളി ആണോ എന്ന് തെളിയിക്കേണ്ടതുണ്ടെന്നും രണ്ടു സംസ്ഥാനങ്ങളിലെ പോലീസിനേയും സുരക്ഷാ ഉദ്യേഗസ്ഥരേയും ഈ വ്യാജ സന്ദേശം സംയുക്ത ഓപറേഷനും നിര്‍ബന്ധിതരാക്കുകയും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്‌തെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.