ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ 17-കാരിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയപ്പെടുന്ന ദിവസം കേസിലെ മുഖ്യപ്രതി ബിജെപി എല്‍എല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ എവിടെയായിരുന്നു എന്നതു സംബന്ധിച്ച ലൊക്കേഷന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറണമെന്ന് ആപ്‌ളിനോട് കോടതി ആവശ്യപ്പെട്ടു. ഐഫോണ്‍ നിര്‍മാതാക്കളായ യുഎസ് ടെക്ക് ഭീമന്‍ ആപ്ള്‍ ഇതുസംബന്ധിച്ച് ഒക്ടോബര്‍ ഒമ്പതിനകം മറുപടി നല്‍കണമെന്നാണ് ജില്ലാ ജഡ്ജി ധര്‍മേശ് ശര്‍മ ഉത്തരവിട്ടത്. ഈ ഡാറ്റെ വീണ്ടെടുക്കാന്‍ ആപ്ള്‍ രണ്ടാഴ്ച സമയം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
2017-ലാണ് കുല്‍ദീപ് സിങ് സെംഗാര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം കോളിളക്കമുണ്ടാക്കിയതോടെ ബിജെപി സെംഗാറിനെ പുറത്താക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പുള്ള ഡേറ്റ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്താനും പരിശോധിക്കാനുമാണ് ആപ്ള്‍ കോടതിയോട് രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. കണ്ടെത്തിയാല്‍ തന്നെ ഇതു ലഭ്യമാണോ വീണ്ടെടുക്കാനാകുമോ എന്ന് പരിശോധിക്കേണ്ടതുണടെന്നും ആപ്ള്‍ കോടതിയില്‍ പറഞ്ഞിരുന്നു.
സെംഗാറിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ കണ്ടെത്തി അതോടൊപ്പം സിസ്റ്റം അനലിസ്റ്റിന്റെ സാക്ഷ്യപത്രമടങ്ങുന്ന സത്യവാങ്മൂലവും സമര്‍പ്പിക്കണമെന്ന് ആപ്‌ളിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.