ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായ 73 പേര്‍ മരിച്ചു. ശരാശരിക്കും മുകളില്‍ പെയ്ത മഴയില്‍ കനത്ത നാശനഷ്ടങ്ങളും ഉണ്ടായി. കിഴക്കന്‍ യുപിയിലെ എല്ലാ ജില്ലകളിലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഹാറില്‍ വെള്ളിയാഴ്ച തുടങ്ങിയ മഴ തലസ്ഥാനമായ പട്‌നയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. വെള്ളപ്പൊക്കം കാരണം നിരവധി ട്രെയ്‌നുകള്‍ ഞായറാഴ്ച രാവിലെ റദ്ദാക്കി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചു ചേര്‍ത്ത് സാഹചര്യം വിലയിരുത്തിയിരുന്നു.
യുപിക്കും ബിഹാറിനും പുറമെ ഉത്താഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയില്‍ നാശനഷ്ടങ്ങളും നിരവധി മരണങ്ങളും ഉണ്ടായി. സാധാരണ തോതിനും 1700 ശതമാനം മുകളിലാണ് യുപിയില്‍ വെള്ളിയാഴ്ച മഴ പെയതത്. കിഴക്കന്‍ യുപിയിലാണ് കനത്ത നാശമുണ്ടായത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 47 പേരും ശനിയാഴ്ച മാത്രം 26 പേരുമാണ യുപിയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍പ്പെട്ട് മരിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അടുത്ത രണ്ടു ദിവസങ്ങളിലും ശക്തിയേറിയ മഴയുണ്ടാകുമെന്നാണ് കാലാവാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.