ന്യൂയോര്‍ക്ക്- ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തി പ്രധനമന്ത്രി നരേന്ദ്രമോഡി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഡൊമോക്രാറ്റ് നേതാവുമായി മോഡിയുടെ കൂടിക്കാഴ്ച.
സെപ്തംബര്‍ 22 ന് ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തുള്‍സി ഗബ്ബാര്‍ഡ് ഖേദപ്രകടനം നടത്തിയിരുന്നു. വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തികൂടിയാണ് തുള്‍സി. 37 വയസ്സുകാരിയായ തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ ജനുവരി 11 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ഹിന്ദുവായതിന്റെ പേരില്‍ ഏതാനും മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുണ്ടെന്ന് തുള്‍സി ഈയിടെ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഹിന്ദുക്കള്‍ക്കെതിരേ മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഇതിനുള്ള തെളിവായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗമായതില്‍ അഭിമാനമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്നും തുള്‍സി വ്യക്തമാക്കിയിരുന്നു.