ഒരു പതിറ്റാണ്ടിലേറെയായി ട്രാക്ക് ആന്റ് ഫീൽഡിന്റെ അഭിമാനവും പ്രതീകവുമായിരുന്നു ഉസൈൻ ബോൾട്. ബോൾടിന്റെ പുഞ്ചിരി അത്‌ലറ്റിക്‌സിനെ ആവാഹിച്ച എല്ലാ പിഴവുകളെയും മറച്ചു നിന്നു. ബോൾട് വിരമിച്ച ശേഷമുള്ള ആദ്യത്തെ പ്രധാന അത്‌ലറ്റിക് മീറ്റിൽ നിന്ന് ഉയരുന്നത് ഉത്തേജക മരുന്നിന്റെ കെട്ടനാറ്റമാണ്.
100 മീറ്ററിൽ ബോൾടിന്റെ പിൻഗാമിയായി വാഴ്ത്തപ്പെട്ടത് അമേരിക്കൻ ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാനാണ്. എന്നാൽ തലനാരിഴക്കാണ് കോൾമാൻ രണ്ടു വർഷത്തെ ഉത്തേജക വിലക്കിൽനിന്ന് രക്ഷപ്പെട്ടത്. കോൾമാൻ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിട്ടില്ല. എന്നാൽ നിരവധി ഉത്തേജക പരിശോധനകൾക്ക് പറഞ്ഞ സ്ഥലത്ത് എത്തിയില്ല. സാങ്കേതികതയുടെ നൂലിഴയിലാണ് കോൾമാൻ വിലക്കിൽനിന്ന് രക്ഷപ്പെട്ടത്. ബോൾട് പൊട്ടിവീഴുന്നതു വരെ അത്‌ലറ്റിക്‌സ് എന്നാൽ ഉത്തേജകത്തിന്റെ കരുത്തായിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ ഫൈനലിലെത്തിയവരെല്ലാം ഏതെങ്കിലുമൊരു ഘട്ടത്തിൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടവരായിരുന്നു. എന്നാൽ ബോൾട് ആ ചരിത്രം തിരുത്തി. ബോൾടിനു ശേഷം വീണ്ടും അത്‌ലറ്റിക്‌സ് ഉത്തേജകത്തിന്റെ ട്രാക്കിലാണ്.
സങ്കീർണമായ നിയമങ്ങളാണ് കോൾമാനെ കുടുക്കിയത്. നിയമങ്ങൾ ശരിയായ രീതിയിൽ നിർവചിക്കുന്നതിൽ കോൾമാനും അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസിയും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ദോഹ ലോക ചാമ്പ്യൻഷിപ്പിൽ കോൾമാൻ ഓടുക സംശയങ്ങളുടെ പുകമറക്കിടയിലൂടെയാണ്. കോൾമാൻ സംഭവം അമേരിക്കൻ കായികതാരങ്ങളുടെയെല്ലാം മേലെ സംശയത്തിന്റെ മുന നീളാൻ കാരണമായി.
അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസി സ്വന്തം ചട്ടം പാലിക്കാതിരുന്നതാണ് തനിക്കു നേരെ സംശയം നീളാൻ കാരണമെന്ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത 22 മിനിറ്റ് വീഡിയോയിൽ കോൾമാൻ വാദിക്കുന്നു. 'വേർ എബൗട് ക്ലോസ്' ആണ് വിവാദങ്ങളുടെ കേന്ദ്ര ബിന്ദു. അത്‌ലറ്റുകൾ അടുത്ത നാലു മാസം തങ്ങൾ എവിടെയായിരിക്കുമെന്ന് മുൻകൂട്ടി ഉത്തേജക പരിശോധകരെ അറിയിക്കണമെന്ന നിയമമാണ് 'വേർ എബൗട് ക്ലോസ്'. മാറ്റം വരുമ്പോൾ അത് അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. ഉത്തേജക പരിശോധകർ അപ്രതീക്ഷിതമായി എത്തുമ്പോൾ, ഒരു വർഷത്തിനിടെ മൂന്നു തവണ പറഞ്ഞ സ്ഥലത്ത് അത്‌ലറ്റ് ഇല്ലെങ്കിൽ വിലക്ക് വരും. 2018 ജൂൺ ആറിനാണ് കോൾമാൻ ആദ്യം പറഞ്ഞ സ്ഥലത്ത് ഇല്ലാതിരുന്നത്. അവസാനം ഇല്ലാതിരുന്നത് 2019 ഏപ്രിൽ 26 നും. ഇതിൽ ആദ്യത്തേത് കഴിഞ്ഞ 12 മാസ കാലയളവിലാണോ അല്ലയോ എന്നതാണ് വിവാദം. ഇത് നിർവചിക്കുന്നതിലുള്ള ആശയക്കുഴപ്പമാണ് കോൾമാന് രക്ഷയായത്.
ഒരു പതിറ്റാണ്ടോളം ബോൾട് അടക്കിവാഴുകയായിരുന്നു. ബോൾടിന്റെ പ്രകടനവും ഉത്തേജകങ്ങളുടെ ബലത്തിലാണോയെന്ന് ചോദ്യമുയർന്നിരുന്നു. പക്ഷെ ആ ചിരിയിലും കരിഷ്മയിലും അത്തരം ചോദ്യങ്ങൾ അലിഞ്ഞില്ലാതായി. ബോൾടിന്റെ അസാന്നിധ്യത്തിൽ 100 മീറ്റർ സ്വർണത്തിനായി മത്സരിക്കുക കോൾമാനും നിലവിലെ ചാമ്പ്യനായ മുപ്പത്തേഴുകാരൻ ജസ്റ്റിൻ ഗാറ്റ്‌ലിനുമാണ്. ഇരുവരും അമേരിക്കക്കാർ. ഗാറ്റ്‌ലിൻ രണ്ടു തവണ ഉത്തേജക വിലക്ക് അനുഭവിച്ചയാളാണ്. 2017 ലെ ലണ്ടൻ ലോക മീറ്റിൽ കാണികൾ ശക്തമായ കൂക്കിവിളിയോടെയാണ് ഗാറ്റ്‌ലിന്റെ വിജയത്തെ സ്വാഗതം ചെയ്തത്. ഇത്തവണ ഇവരിൽ ആര് ജയിച്ചാലും സംശയത്തിന്റെ വാൾ തലക്കു മുകളിൽ തൂങ്ങിനിൽക്കും. അത്‌ലറ്റിക്‌സിന് മേൽ ഉത്തേജകത്തിന്റെ പുകമറ മൂടിനിൽക്കും.