ന്യൂദല്‍ഹി- മുന്‍ ധനമന്ത്രി പി ചിദംബരം ഉള്‍പ്പെട്ട ഐഎന്‍എക്‌സ് മീഡിയ കേസില്‍ ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന നാല് മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 2007ല്‍ ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയതില്‍ ചട്ടലംഘനം നടന്നുവെന്നാണ് കേസ്. കേസില്‍ അറസ്റ്റിലായ ചിദംബരം ഇപ്പോള്‍ ജയിലിലാണ്. ധനമന്ത്രാലയം മുന്‍ അഡീഷണല്‍ സെക്രട്ടറിയും പിന്നീട് നിതി ആയോഗിന്റെ സിഇഓയുമായ സിന്ധുശ്രീ ഖുള്ളര്‍, മുന്‍ ധനകാര്യ ജോയിന്റ് സെക്രട്ടറി അനൂപ് പുജാരി, മുന്‍ ധനമന്ത്രാലയം ഡയറക്ടര്‍ പ്രബോധ് സക്‌സേന, മുന്‍ അണ്ടര്‍ സെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനുവരിയിലാണ് ഇതിന് സിബിഐ കേന്ദ്രത്തോട് അനുമതി തേടിയത്. ചിദംബരത്തിനെതിരെ കേസെടുക്കാന്‍ ഫെബ്രുവരിയില്‍ തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും ബാക്കിയുള്ളവരുടെ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. ഈ ഉദ്യോഗസ്ഥരെല്ലാം യുപിഎ സര്‍ക്കാരിനു കീഴില്‍ ധനമന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചവരാണ്.
കേസില്‍ സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഈ നാല് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ജൂണില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ മാസമാണ് ഇതിനു സിബിഐക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് അന്വേഷണ വൃഞ്ഞങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ചിദംബരത്തിനു കീഴില്‍ ജോലി ചെയ്ത ഈ നാലു മുന്‍ ഉദ്യോഗസ്ഥരേയും കേസില്‍ പ്രതി ചേര്‍ത്ത് ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിക്കും.