Sorry, you need to enable JavaScript to visit this website.

കഫീൽ ഖാനെ കുറ്റവിമുക്തനാക്കിയില്ലെന്ന് യു.പി സർക്കാർ, വീണ്ടും പീഡനം

ലഖ്‌നൗ- ഗോരഖ്പൂരിൽ ഓക്‌സിജൻ ലഭിക്കാതെ കുട്ടികൾ മരിക്കുന്നത് തടയാൻ ശ്രമിച്ചതിന് യു.പി പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച ഡോ. കഫീൽ ഖാനെതിരെ വീണ്ടും സർക്കാർ. 2017 ആഗസ്റ്റിൽ ഉത്തർപ്രദേശിൽ 63 ശിശു മരണങ്ങൾ നടന്നതുമായി ബന്ധപ്പെട്ട കേസിൽ ഡോ. കഫീൽ ഖാനെ കുറ്റവിമുക്തനാക്കി മണിക്കൂറുകൾക്കു ശേഷമാണ് കഫീൽ ഖാൻ കുറ്റക്കാരനാണെന്നതിന് തക്കതായ കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കി വീണ്ടും യു.പി സർക്കാർ രംഗത്തെത്തിയത്. കഫീൽ ഖാനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ഡോ. കുറ്റക്കാരനാണെന്നും സർക്കാർ വീണ്ടും നിലപാടെടുത്തത്.
അന്വേഷണ റിപ്പോർട്ടിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഡോ. ഖാന് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നതും അപൂർണ്ണവുമായ വസ്തുതകൾ മാധ്യമങ്ങൾക്ക് നൽകുന്നുണ്ടെന്നാണ് സർക്കാർ വാദം.
ഡോക്ടർക്കെതിരെ ചുമത്തിയ നാല് ചാർജുകളിൽ രണ്ടെണ്ണം ശരിയാണെന്ന് കണ്ടെത്തിയെന്നും ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതുകൂടാതെ, അനുസരണക്കേട് ആരോപിച്ച് മറ്റൊരു വകുപ്പുതല അന്വേഷണം കൂടി നടക്കുന്നതായും സർക്കാർ അറിയിച്ചു. ഇന്നലെയാണ് കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയുളള റിപോര്‍ട്ട് യു.പി സര്ക്കാര്‍ പുറത്തുവിട്ടത്.
 

Latest News