ഹൂസ്റ്റണ്‍- യുഎസ് സംസ്ഥാനമായ ടെക്‌സസില്‍ ഇന്ത്യന്‍-അമേരിക്കക്കാരനായ സിഖ് പോലീസ് ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തി. പരിശോധനയ്ക്കായി വാഹനം നിര്‍ത്തിക്കുന്നതിനിടെയാണ് സംഭവം. നാല്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള സന്ദീപ് സിങ് ധാലിവാളാണ് കൊല്ലപ്പെട്ടത്. നിര്‍ത്തിയ കാറില്‍ ഒരു പുരുഷനും സ്ത്രീയുമാണുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ പുറത്തിറങ്ങി സന്ദീപ് സിങിനെ പിന്നില്‍ നിന്ന് വെടിവെയ്ക്കുകയായിരുന്നു. ശേഷം ആക്രമി തൊട്ടടുത്ത ഷോപ്പിങ് കേന്ദ്രത്തിലേക്ക് ഓടിപ്പോയതായും സിഖ് ഹാരിസ് കൗണ്ടി ഷെറിഫ് എഡ് ഗോണ്‍സലസ് അറിയിച്ചു. സന്ദീപ് സിങിന് രണ്ടു വെടിയുണ്ടകളേറ്റിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞതായും വെടിയുതിര്‍ന്ന പുരുഷനേയും കൂടെയുണ്ടായിരുന്നു സ്ത്രീയേയും കസ്റ്റഡിലെടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കൊലയാളികള്‍ വന്ന കാറും പോലീസ് പിടിച്ചെടുത്തു. പത്തു വര്‍ഷമായി പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന സന്ദീപ് സിങിന് ഭാര്യം മൂന്ന് മക്കളുമുണ്ട്.
മികച്ച പോലീസ് ഓഫീസറായിരുന്നു അദ്ദേഹമെന്ന് കമ്മീഷണര്‍ അഡ്രിയന്‍ ഗാര്‍ഷ്യ പറഞ്ഞു. സാംസ്‌കാരിക വൈവിധ്യത്തിന്റെ പ്രതീകമായി ഡ്യൂട്ടിയില്‍ സിഖ് വിശ്വാസത്തിന്റെ ഭാഗമായ ടര്‍ബന്‍ ധരിക്കാനും താടി വെക്കാനും അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു.