യുനൈറ്റഡ് നേഷന്‍സ്- കര്‍ഫ്യൂ പിന്‍വലിച്ചാല്‍ കശ്മീരില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ഇന്ത്യന്‍ സൈനികര്‍ അവരെ വെടിവെച്ചുകൊന്ന് രക്തപ്പുഴ ഒഴുക്കുമെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്. കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഇങ്ങനെയൊരു സ്ഥിതവിശേഷം തടയാന്‍ ഐക്യരാഷ്ട്ര സംഘടനക്ക് ബാധ്യതയുണ്ട്.
മുസ് ലിംകളെ വംശഹത്യ ചെയ്യാനാണ് ആര്‍എസ്എസ് ഇന്ത്യയില്‍ ശ്രമിക്കുന്നതെന്നും വശംയീ മേധാവിത്തമാണ് അവരെ നയിക്കുന്നതെന്നും ഇംറാന്‍ ഖാന്
ആരോപിച്ചു. ഈ വെറുപ്പാണ് ഗാന്ധിയെ കൊന്നത്. ഇതേ വെറുപ്പാണ് ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2000 മുസ് ലിംകളെ കൊലപ്പെടുത്താന്‍ കാരണം. ഇതേ മനസ്ഥിതിയാണ് കശ്മീരില്‍ സംഭവിക്കുന്നത്.
കശ്മീരില്‍ ജനങ്ങളെ മൃഗങ്ങളെപ്പോലെ തടവിലിട്ടിരിക്കുകയാണ്. ഇത് മനുഷ്യത്വരഹിതമാണ്. ഇന്ത്യ വലിയൊരു വിപണിയാണ് അതുകൊണ്ട് ആളുകളെക്കാള്‍ വസ്തുക്കള്‍ക്കാണ് വില. സങ്കടകരമായ അവസ്ഥയാണിത്. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ എന്താണ് സംഭവിക്കുക. കശ്മീരില്‍ ചോരപ്പുഴയൊഴുകും. മോഡി അത് ചിന്തിച്ചിട്ടില്ല - ഇംറാന്‍ ഖാന് പറഞ്ഞു.
പുല്‍വാമ പോലെ ഇനിയെന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യ പാക്കിസ്ഥാനെ തന്നെ കുറ്റം പറയും. ഇതില്‍ പാക്കിസ്ഥാന് പങ്കില്ല. ഇന്ത്യയുടെ പ്രതിരോധ മന്ത്രി പറയുന്നത് 500 ഭീകരവാദികള്‍ അതിര്‍ത്തിയില്‍ നില്‍ക്കുന്നുവെന്നാണ്. എങ്ങനെയാണ് ഇത്രയധികം സൈനികര്‍ കാവല്നില്ക്കുന്നിടത്തേക്ക് പാകിസ്ഥാന് 500 പേരെ വിടാന്‍ തയാറാകുക . ഇന്ത്യയും പാക്കിസ്ഥാനും ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളാണ്. ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്നതുപോലെ ഒരു അവസരമുണ്ടായാല്‍ അത് തടയാനുള്ള ബാധ്യത ഐക്യരാഷ്ട്രസഭയ്ക്ക് ഉണ്ട്.
പാക്കിസ്ഥാനെക്കാള്‍ ഏഴിരട്ടി വലിപ്പമുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, ഇരു രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധത്തിലേക്ക് നീങ്ങിയാല്‍ എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ല. മറ്റു മാര്‍ഗങ്ങള്‍ ഒന്നും മുന്നിലില്ലെങ്കില്‍ യുദ്ധം ചെയ്യുക എന്നത് മാത്രമാണ് എനിക്ക് മുന്നിലുള്ള വഴി. ഇതൊരു ഭീഷണിയല്ല, ഒരു ദുഖകരമായ സത്യമാണ്. അത് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ വന്നത്.
എത്രയും വേഗം കശ്മീരിലെ മനുഷ്യത്വരഹിതമായ കര്‍ഫ്യൂ പിന്‍വലിക്കണം. കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം നിര്‍ണയത്തിനുള്ള അവകാശം നല്‍കണം - ഇംറാന്‍ ഖാന് പറഞ്ഞു.