Sorry, you need to enable JavaScript to visit this website.

ചർച്ചയാകുന്നത് ബി.ജെ.പി വോട്ട് ചോർച്ച

തിരുവനന്തപുരം- പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോഴും പതിവു പോലെ ബി.ജെ.പിയിൽ വോട്ട് ചോർച്ച ആരോപണം. ബി.ജെ.പി സ്ഥാനാർഥിക്ക് കഴിഞ്ഞ തവണത്തേക്കാൾ ആറായിരത്തിലേറെ വോട്ട് കുറഞ്ഞതോടെ വിവാദം കൊഴുക്കുകയാണ്.
കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി ഏതു മുന്നണി ജയിച്ചാലും കേൾക്കുന്ന കാര്യമാണ് ബി.ജെ.പി വോട്ടു മറിച്ചുവെന്നത്. 
സാധാരണ തെരഞ്ഞെടുപ്പിനു ശേഷം ചൂടു പിടിക്കുന്ന ഈ വിവാദം ഇത്തവണ പാലാ ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പുതന്നെ ആരംഭിച്ചു. യു.ഡി.എഫിന് വോട്ടു മറിച്ചെന്നും, പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്നും ആരോപിച്ച് ബി.ജെ.പി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ ജില്ലാ സെക്രട്ടറി എൻ.ഹരി സസ്‌പെൻഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിനു ശേഷവും ഇരു മുന്നണികളും ബി.ജെ.പിയുടെ വോട്ടിൽ വന്ന കുറവ് തന്നെയാണ് എടുത്തു പറയുന്നത്. ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് കിട്ടിയെന്ന് ജോസ് കെ.മാണിയും കൂട്ടരും പറയുമ്പോൾ, ഭൂരിപക്ഷം മൂവായിരത്തിനടുത്ത് ഒതുങ്ങിയത്, ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചതു കൊണ്ടാണെന്നാണ് എൽ.ഡി.എഫ് പറയുന്നത്. 
ബി.ജെ.പി വോട്ട് യു.ഡി.എഫ് വിലക്കുവാങ്ങിയതിനെ അതിജീവിച്ചാണ് ഇടതു മുന്നണി ജയിച്ചതെന്നാണ് സി.പി.എം പറയുന്നത്. എന്നാൽ ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് കിട്ടിയതാണ് യു.ഡി.എഫ് തോൽവിക്ക് കാരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാരണം കണ്ടെത്തുന്നു. 
ഇപ്പോഴത്തെ ബി.ജെ.പി സ്ഥാനാർഥി എൻ.ഹരി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ലഭിച്ചത് 24,821 വോട്ടുകളാണ്. എന്നാൽ ഇത്തവണ ആറായിരത്തിലേറെ വോട്ടുകൾ കുറഞ്ഞ് 18,004 ലെത്തി. ഇത് ബി.ജെ.പിയിലും പ്രശ്‌നമാകുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായ പി.സി.തോമസ് പാലായിൽ നേടിയത് 26,533 വോട്ടാണ്. ശബരിമല വിഷയത്തിൽ ഊന്നിയാണ് ബി.ജെ.പി ഇത്തവണയും പ്രചാരണം നടത്തിയതെങ്കിലും അത് ഏശിയില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. 
സ്ഥാനാർഥി ചർച്ചകൾക്കിടെ ബിനു പുളിക്കണ്ടത്തിന്റെ പേര് ഉയർന്നിരുന്നെങ്കിലും എൻ.ഹരിക്കാണ് വിജയ സാധ്യതയെന്ന് നേതൃത്വം വിലയിരുത്തുകയായിരുന്നു. തന്നെ തഴഞ്ഞതിലുള്ള അമർഷം കാരണം ബിനു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്നെന്നാണ് ആരോപണം. 
പോളിംഗ് ദിവസം തന്നെ ബിനുവിനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാൽ, എൻ.ഹരിയാണ് വോട്ട് മറിച്ചതെന്നും, 5,000 വോട്ട് മറിക്കാനാണ് കാശ് വാങ്ങി യു.ഡി.എഫുമായി ധാരണയുണ്ടാക്കിയതെന്നും ബിനു പറയുന്നു. 2016 ൽ കെ.എം.മാണിക്ക് വേണ്ടിയും ഹരി വോട്ടു മറിച്ചുവെന്നും ബിനു ആരോപിച്ചു. 

 

Latest News