കോഴിക്കോട്- പാലായിൽ മാണി സി.കാപ്പന്റെ വിജയം എൻ.സി.പിയിൽനിന്നുള്ള സംസ്ഥാനത്തെ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനം തെറിപ്പിച്ചേക്കും. മാണി സി.കാപ്പൻ ജയിച്ചാൽ മന്ത്രിയാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് എലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായ എ.കെ.ശശീന്ദ്രനെ ഒരിക്കൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി പിന്നീട് തിരിച്ചെടുത്തതാണ്.
മാധ്യമ പ്രവർത്തകയോട് ഫോണിൽ അശ്ലീല സംഭാഷണം നടത്തിയ കേസിനെ തുടർന്നാണ് എ.കെ.ശശീന്ദ്രൻ രാജിവെച്ച് എൻ.സി.പിയിലെ തന്നെ മറ്റൊരു എം.എൽ.എയായ തോമസ് ചാണ്ടി (കുട്ടനാട്) മന്ത്രിയായത്. എന്നാൽ കായൽ കയ്യേറ്റ കേസിനെ തുടർന്ന് തോമസ് ചാണ്ടിക്കും സ്ഥാനമൊഴിയേണ്ടി വന്നു. കുറച്ചു കാലം മുഖ്യമന്ത്രി തന്നെ കൈയിൽ വെച്ച ഗതാഗത വകുപ്പ് അടുത്ത കാലത്താണ് ശശീന്ദ്രന് തിരികെ ലഭിച്ചത്. എൻ.സി.പി.യുടെ കേന്ദ്ര നേതൃത്വത്തിൽ പിടിപാടുള്ള മാണി സി.കാപ്പനെ മന്ത്രിയാക്കുന്നതിൽ സി.പി.എമ്മിനും താൽപര്യമുണ്ട്.
ശശീന്ദ്രനടക്കം കോഴിക്കോട് ജില്ലയിൽനിന്ന് നിലവിൽ രണ്ടു മന്ത്രിമാരുണ്ട്. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ സി.പി.എം പ്രതിനിധിയാണ്.