റിയാദ് - സൗദിയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് പതിനാലു രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജിന്റെ മേൽനോട്ടത്തിൽ പ്രൊമോഷൻ കാമ്പയിനുകൾ നടത്തുമെന്ന് കമ്മീഷൻ പ്രസിഡന്റ് അഹ്മദ് അൽഖതീബ് വെളിപ്പെടുത്തി.
ലണ്ടൻ, വാഷിംഗ്ടൺ, ടോക്കിയോ, ബീജിംഗ്, യൂറോപ്യൻ രാജ്യങ്ങളുടെയും ഗൾഫ് രാജ്യങ്ങളുടെയും തലസ്ഥാനങ്ങൾ അടക്കം 14 ലോക നഗരങ്ങളിലാണ് പ്രൊമോഷൻ കാമ്പയിനുകൾ സംഘടിപ്പിക്കുക. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലും പ്രൊമോഷൻ കാമ്പയിനുണ്ടാകും.
വിദേശ ടൂറിസ്റ്റുകൾക്കു മുന്നിൽ രാജ്യത്തിന്റെ കവാടങ്ങൾ തുറന്നു കൊടുക്കുന്നത് ചരിത്ര നിമിഷമാണെന്ന് അഹ്മദ് അൽഖതീബ് പറഞ്ഞു. ടൂറിസ്റ്റുകൾക്ക് വിസ അനുവദിക്കുമെങ്കിലും രാജ്യത്ത് മദ്യത്തിനുള്ള വിലക്ക് തുടരും. സ്ത്രീകൾക്ക് ഒറ്റക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിനും വിസ ലഭിക്കും. നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്നതു പോലെ സ്ത്രീകളുടെ ഒറ്റക്കുള്ള യാത്രക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. എന്നാൽ മക്കയിലും മദീനയിലും പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരും.
സൗദിയിലെത്തി ഇവിടുത്തെ ജീവിതം നേരിട്ട് അനുഭവിക്കുന്നതിലൂടെ രാജ്യത്തെ കുറിച്ച് ടൂറിസ്റ്റുകൾ നല്ല വിധി പറയുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ട്. സൗദി അറേബ്യ സുരക്ഷിതമായ രാജ്യമാണ്. വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് ഇത് സഹായിക്കും.
ടൂറിസം മേഖലയിൽ 25,000 കോടി റിയാലിന്റെ നിക്ഷേപങ്ങൾ ആവശ്യമാണ്. 2030 ഓടെ പുതുതായി അഞ്ചു ലക്ഷം ഹോട്ടൽ മുറികൾ കൂടി ലഭ്യമാക്കേണ്ടതുണ്ട്. ടൂറിസം മേഖലയിൽ ആസൂത്രണം ചെയ്തതിൽ പകുതി വൻകിട പദ്ധതികളാണ്. ഇവ സർക്കാർ സാമ്പത്തിക സഹായത്തോടെ നടപ്പാക്കും. അവശേഷിക്കുന്ന പദ്ധതികൾ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ യാഥാർഥ്യമാക്കും. 2030 ഓടെ പ്രതിവർഷം പത്തു കോടി സന്ദർശകരെ ആകർഷിക്കുന്നതിനാണ് രാജ്യം ലക്ഷ്യമിടുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ചു കേന്ദ്രങ്ങൾ സൗദി അറേബ്യയിലുണ്ട്. സൗദിയിലെ സമ്പന്നമായ പൈതൃകങ്ങളും പ്രകൃതി മനോഹാരിതയും ജീവൻ തുടിക്കുന്ന പ്രാദേശിക സംസ്‌കാരവും ടൂറിസ്റ്റുകളെ അമ്പരപ്പിക്കുമെന്നും അഹ്മദ് അൽഖതീബ് പറഞ്ഞു.
സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നത് ലക്ഷ്യമിട്ട് വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള തീരുമാനം ഇന്നലെയാണ് സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം മുതൽ പരിമിതമായ നിലക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നു. സൗദിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികളിലും പ്രോഗ്രാമുകളിലും സമ്മേളനങ്ങളിലും സംബന്ധിക്കുന്നതിനാണ് കഴിഞ്ഞ വർഷം മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ചിരുന്നത്.
രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര, പൈതൃക കേന്ദ്രങ്ങളും സന്ദർശിക്കുന്നതിനു ലോകത്തെങ്ങും നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ആദ്യമായാണ് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത്.