ന്യൂയോര്‍ക്ക്- ഭീകരതക്കെതിരെ ലോകം ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്ന് യു.എന്‍ പൊതുസഭയില്‍ നടത്തിയ 20 മിനിറ്റ് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദം ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും എല്ലാ രാഷ്ട്രങ്ങളേയും ഒരുപോലെ ബാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നെയും എന്റെ സര്‍ക്കാരിനേയും വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുത്തു. രണ്ടാമത് വീണ്ടും അധികാരത്തിലെത്തിയത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്. അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ വരാന്‍ എനിക്ക് സാധിച്ചത്- അദ്ദേഹം പറഞ്ഞു.
ഇന്ത്യ ലോകത്തിനു നല്‍കിയതു യുദ്ധത്തെയല്ല, മറിച്ചു ബുദ്ധനെയാണെന്നും അതുകൊണ്ടാണു ഭീകരതക്കെതിരായ പ്രതിബദ്ധതയെന്നും മോഡി പറഞ്ഞു. ശാന്തിയുടെയും സമാധാനത്തിന്റെ സന്ദേശമാണ് സ്വാമി വിവേകാനന്ദന്‍ ലോക മത സമ്മേളനത്തില്‍ നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് ഇപ്പോള്‍ നല്‍കാനുള്ളതും അതേ സന്ദേശമാണ്. സമാധാന ദൗത്യങ്ങള്‍ക്കായി യു.എന്നില്‍ ഇന്ത്യ നല്‍കിയ സംഭാവനകള്‍ അനവധിയാണ്. സമാധാന പാലനത്തിനായി ഇന്ത്യ ത്യാഗം ചെയ്തപോലെ മറ്റാരും ചെയ്തിട്ടുണ്ടാകില്ല- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ നടപ്പാക്കുന്ന വികസന പദ്ധതികളേയും പ്രധാനമന്ത്രി പരാമര്‍ശിച്ചു
വികസ്വര രാഷ്ട്രമായ ഇന്ത്യ വലിയൊരു ശുചിത്വ പദ്ധതി വിജയകരമായി നടപ്പാക്കുകയാണ്. അഞ്ചു വര്‍ഷത്തിനിടെ 11 കോടി ശുചിമുറികളാണു ജനങ്ങള്‍ക്കു ലഭ്യമാക്കിയത്. ലോകത്തിനാകെ പ്രചോദനമാകുന്ന പ്രവര്‍ത്തിയാണ് ഇത്. യുഎന്നിന്റെ ചുമരുകളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് എഴുതിയതു കണ്ടു. ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പദ്ധതിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.