Sorry, you need to enable JavaScript to visit this website.

ഗ്രെറ്റ തൻബെർഗും  നമ്മുടെ ലോകവും

ലോകമെങ്ങുമുള്ള വിദ്യാർഥികളുടെ താരമായി മാറിയ സ്വീഡീഷ് പെൺകുട്ടി ഗ്രെറ്റ തൻബർഗ്, കാലാവസ്ഥാ പ്രക്ഷോഭനിരയിലെ പുതിയ നക്ഷത്രമാണ്. ന്യൂയോർക്കിലെ ഗ്രെറ്റയുടെ ചോദ്യശരങ്ങൾ അസ്വസ്ഥരാക്കുന്നത് ലോക നേതാക്കളെത്തന്നെയാണ്. എത്രത്തോളം സർഗാത്മകവും സാമൂഹികവിചാര പ്രധാനവുമാകണം കലാലയ ജീവിതമെന്ന സന്ദേശമാണ് ഗ്രെറ്റയുടെ പ്രവർത്തനങ്ങൾ പകരുന്ന പാഠം.


ശോഭനവും വിസ്മയകരവുമായ ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ഒരു പതിനാറുകാരിയുടെ ഹൃദയത്തിൽനിന്നുതിർന്ന ആ ചോദ്യത്തിന് മുന്നിൽ സ്തംഭിച്ചുനിൽക്കുകയാണ് ലോകം. ഈ ലോകത്തെ നശിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വരുന്നു എന്നാണ് ഗ്രെറ്റ തൻബെർഗ് എന്ന സ്വീഡിഷ് പെൺകുട്ടിയുടെ ചോദ്യം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച സമ്മേളനത്തിൽ ആ സ്‌കൂൾ വിദ്യാർഥിയുടെ അഞ്ച് മിനിറ്റ് പ്രസംഗത്തിന് മുന്നിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും ചൂളിപ്പോയി. നല്ല ഭാവിയുള്ള പാവം പെൺകുട്ടിയെന്നാണ് ഗ്രെറ്റയെ ട്രംപ് ട്വിറ്ററിലൂടെ കളിയാക്കിയത്. 
യു.എൻ സമ്മേളനത്തിന് പ്രസംഗിക്കാനെത്തിയ ട്രംപിനെ രൂക്ഷമായി തുറിച്ചുനോക്കിയ ഗ്രെറ്റയുടെ കണ്ണുകളും സാമൂഹിക മാധ്യമ ലോകത്തെ വലിയ കാഴ്ചയായി. പുതുതലമുറയുടെ മുഴുവൻ രോഷവും അമർഷവും വെറുപ്പും ആവാഹിച്ച മരണ നോട്ടമായിരുന്നു അത്. 'എന്റെ സ്വപ്‌നങ്ങളെ നിങ്ങൾ വഞ്ചിച്ചു, എന്റെ സ്‌കൂൾ ജീവിതം നിങ്ങൾ ഇല്ലാതാക്കി. എന്നിട്ടും നിങ്ങൾ വലിയ വായിൽ വർത്തമാനം പറയുന്നു. എന്തൊക്കെയോ ചെയ്യുമെന്ന് വീമ്പിളക്കുന്നു. ഒന്നും ചെയ്യാതിരുന്നിട്ടും ഇങ്ങനെയൊക്കെ വിളിച്ചുപറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു. നിങ്ങളെ ഇനിയും വിശ്വസിക്കാൻ ഞങ്ങൾക്ക് മനസ്സില്ല. നിങ്ങൾ വഞ്ചിക്കുകയാണ്. പണം മാത്രമാണ് നിങ്ങൾക്ക് മുഖ്യം. ഞങ്ങൾ, യുവജനങ്ങളുടെ പുതിയ തലമുറക്ക് എല്ലാം മനസ്സിലായിക്കഴിഞ്ഞു. ഇനിയും നിങ്ങളെ പൊറുപ്പിക്കാൻ ഞങ്ങൾ തയാറല്ല. ഞങ്ങളെ കേൾക്കാൻ നിങ്ങളെ നിർബന്ധിതരാക്കുക തന്നെ ചെയ്യും. ഇനിയും നിങ്ങൾ പ്രവർത്തിക്കാൻ തയാറല്ലെങ്കിൽ, ഒരിക്കലും നിങ്ങൾക്ക് പൊറുത്തുതരില്ല'- ലോകനേതാക്കളുടെ മുഖത്തുനോക്കി അവൾ പൊട്ടിത്തെറിച്ചു.


പ്രസംഗത്തോടെ താരമായി  മാറിയ ഗ്രെറ്റയെ അഭിമുഖം നടത്താൻ ചാനലുകളുടെ മത്സരമായിരുന്നു. ഡെയ്‌ലി ഷോ എന്ന വിഖ്യാത അഭിമുഖ പരിപാടിയിൽ പങ്കെടുത്ത ഗ്രെറ്റയുടെ നർമം കലർത്തിയ, കുറിക്കു കൊള്ളുന്ന മറുപടികൾ അമേരിക്കയുടെ തല കുനിക്കാൻ പോന്നതായിരുന്നു. സ്വീഡനിൽനിന്ന് കപ്പലിൽ യാത്ര ചെയ്ത് ന്യൂയോർക്കിലെത്തിയപ്പോൾ എന്തു തോന്നിയെന്ന് അവതാരകന്റെ ചോദ്യത്തിന് ഗ്രെറ്റ നൽകിയ മറുപടി രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ഒരു യൂറോപ്യൻ പെൺകുട്ടിയിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ സാധ്യമല്ലെന്ന് കരുതുന്ന മറുപടി. അവൾ പറഞ്ഞു: ഞാൻ കപ്പലിൽ യാത്ര ചെയ്യുമ്പോൾ സമുദ്രം മാത്രമേ കാണാനുണ്ടായിരുന്നുള്ളു. അത് ശാന്തമായിരുന്നു. അവിടെ വിയർപ്പിന്റേതല്ലാത്ത ഗന്ധങ്ങളൊന്നും എനിക്ക് അനുഭവിക്കാനായില്ല. ന്യൂയോർക്ക് തുറമുഖത്ത് വന്നിറങ്ങിയപ്പോൾ എന്റെ നാസാരന്ധ്രങ്ങളിലേക്ക് രൂക്ഷഗന്ധം ഇരച്ചുകയറി. നമ്മെ ഈ ലോകത്തുനിന്ന് വേർപെടുത്തിക്കളയുന്ന വൃത്തികെട്ട ഗന്ധമായിരുന്നു അത്. മലിനീകരണത്തിന്റെ ദുർഗന്ധം. ഇവിടെയെല്ലാം അൽപം അധികമാണ്. ഇവിടെ എല്ലാവരും സംസാരിക്കുന്നതുപോലും അൽപം ഉച്ചത്തിലാണെന്ന് ശ്രോതാക്കളുടെ കനത്ത കൈയടികൾക്ക് മധ്യേ ഗ്രെറ്റ പറഞ്ഞുവെച്ചപ്പോൾ, ഡോണൾഡ് ട്രംപിന്റെ വായാടിത്തങ്ങളെക്കുറിച്ച് ഓർക്കാത്തവരായി ആരുമുണ്ടാകില്ല. 
ഗ്രെറ്റയുടെ പ്രസംഗത്തിൽ പ്രചോദിതരായി ലോകമെങ്ങും സ്‌കൂൾ കുട്ടികൾ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ തെരുവിലിറങ്ങുന്നതാണ് ഏറ്റവും പുതിയ കാഴ്ച. സിഡ്‌നി മുതൽ മനില വരെയും ധാക്ക മുതൽ ലണ്ടൻ വരെയും ദശലക്ഷങ്ങൾ അണിനിരന്ന, ആഗോള താപനത്തിനെതിരായ വൻ കൂട്ടായ്മകൾക്ക് പ്രചോദനം പതിനാറുകാരിയായ ഗ്രെറ്റ തന്നെ. കഴിഞ്ഞ ഇരുപതാം തീയതി മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സംസ്‌കാരങ്ങളിലും സമയമേഖലകളിലും ഒരുപോലെ ആവേശം വിതറിയാണ് ഗ്രെറ്റ യുടെ ആഹ്വാനത്തിന് പ്രതികരണമുണ്ടായത്. ലോകത്തെ ഏറ്റവും വലിയ കാലാവസ്ഥാ പ്രക്ഷോഭം എന്നു തന്നെയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
വെറും 12 മാസം മുമ്പാണ് ഗ്രെറ്റ ഈ സംരംഭം തുടങ്ങിവെച്ചത്. പസിഫിക് ദ്വീപുകൾ മുതൽ, ഓസ്‌ട്രേലിയയിലൂടെ, തെക്കുകിഴക്കൻ ഏഷ്യയും ആഫ്രിക്കയും പിന്നിട്ട് യൂറോപ്പിലെത്തി അമേരിക്കയിലേക്ക് കടന്ന ഈ വൻപ്രക്ഷോഭത്തിന്റെ സത്തയാണ് ന്യൂയോർക്കിലെ സമരവേദിയിൽ ഗ്രെറ്റയുടെ വാക്കുകൾ. ഇതാദ്യമായാണ് സുരക്ഷിത കാലാവസ്ഥക്കും പരിസ്ഥിതിക്കും വേണ്ടി സ്‌കൂൾ കുട്ടികൾ ഇപ്രകാരം ചരിത്രം കുറിക്കുന്നത്. മുതിർന്നവരോടും സമരത്തിനിറങ്ങാനുള്ള കുരുന്നുകളുടെ ആഹ്വാനം ഹൃദയപൂർവം സ്വീകരിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രേഡ് യൂനിയനുകളുടെ ഭാഗമായ പതിനായിരങ്ങൾ കുട്ടികളോടൊപ്പം ചേർന്നു. തൊഴിലാളികൾ പണിമുടക്കിയും ആമസോണിലേയും ഫെയ്‌സ്ബുക്കിലേയും ഗൂഗഌലേയും ജീവനക്കാർ വരെ ഓഫീസ് ബഹിഷ്‌കരിച്ചും തെരുവിലിറങ്ങിയും കാലാവസ്ഥാ സമരത്തിന്റെ ഭാഗമായി. ഗ്രെറ്റയുടെ ആഹ്വാന പ്രകാരം സമരങ്ങൾ അരങ്ങേറിയ 185 രാജ്യങ്ങളിൽ, കാലാവസ്ഥാ വ്യതിയാനം എന്ന പൊതുപ്രശ്‌നത്തോടൊപ്പം അതത് മേഖലകളിലെ പരിസ്ഥിതി പ്രശ്‌നങ്ങളും വിഷയമായി. സോളമൻ ദ്വീപുകളിലെ സമുദ്രനിരപ്പുയരൽ മുതൽ ദക്ഷിണാഫ്രിക്കയിലെ വിഷമാലിന്യങ്ങൾവരെ വിഷയീഭവിച്ചു. ഓസ്‌ട്രേലിയയിലെ കൽക്കരിഖനനം മുതൽ, ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും വായുമലിനീകരണവും വരെ ചർച്ചയായി. എങ്കിലും ഈ സമരത്തിന്റെ ആകെയുള്ള സന്ദേശം ഒന്നുതന്നെയായിരുന്നു. സ്ഥിരതയുള്ള കാലാവസ്ഥക്കുവേണ്ടിയും വിഷവാതക നിർഗമനത്തിനെതിരെയും ശക്തമായ നടപടി അത് ആവശ്യപ്പെട്ടു.
2018 ഓഗസ്റ്റിൽ പതിനഞ്ചാം വയസ്സിൽ സ്വന്തം സ്‌കൂളിൽ ഒറ്റക്ക് ഗ്രെറ്റ തൻബെർഗ് തുടങ്ങിവെച്ച സമരം, ക്ലൈമറ്റ് സ്‌ട്രൈക്ക് എന്ന പേരിൽ ഈ സെപ്റ്റംബർ ആകുമ്പോഴേക്കും വിവിധ രാജ്യങ്ങളിലായി 40 ലക്ഷം പേർ ഏറ്റെടുത്തുകഴിഞ്ഞു. വലിയ രീതിയിലുള്ള ഈ വളർച്ച അത്ഭുതകരമല്ലെന്നാണ് ഗ്രെറ്റയുടെ പക്ഷം. മാറ്റമുണ്ടാക്കാൻ നിങ്ങളുടെ ചെറുപ്പം പ്രശ്‌നമല്ലെന്ന് അത് തെളിയിക്കുന്നതായി അവൾ പറയുന്നു. 
ഗ്രെറ്റയുടെ പ്രക്ഷോഭം ഏറ്റവുമധികം സ്വാധീനിച്ചത് അമേരിക്കയിലെ സ്‌കൂൾ കുട്ടികളെയാണ്. തോക്കുപയോഗിക്കുന്നതിന് നിയന്ത്രണം വേണമെന്ന ആവശ്യമുയർത്തി അവർ ക്ലാസ്സുകൾ വിട്ടിറങ്ങാൻ അത് പ്രചോദനമായി. പഠിക്കുന്നതിന് വേണ്ടി മാത്രമാണ് സ്‌കൂളുകളിലും കോളേജുകളിലും പോകുന്നതെന്നും മറ്റെല്ലാം അവർക്ക് വർജ്യമാണെന്നും വിശ്വസിക്കുന്നവർക്കുള്ള മുഖത്തടിയാണ് ഗ്രെറ്റയും അവളുടെ കൂട്ടുകാരും. ലോകത്തിന്റെ കണ്ണു തുറപ്പിക്കുന്ന പ്രക്ഷോഭമായി ഒരു സ്‌കൂൾ മുറ്റത്തുനിന്ന് ആരംഭിച്ച സമരം മാറിയിരിക്കുന്നു. എത്രത്തോളം സർഗാത്മകവും സാമൂഹികവിചാര പ്രധാനവുമാകണം കലാലയ ജീവിതമെന്ന സന്ദേശവും അത് പകർന്നു നൽകുന്നുണ്ട്. 
സാമൂഹികാവബോധം വളർത്തുന്നതിൽ ഇത്ര പെട്ടെന്ന് ഗ്രെറ്റ കൈവരിച്ച ഗതിവേഗം ലോകത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകരെ വിസ്മയിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ എന്നേ ഗ്രെറ്റയെ പരിണിതപ്രജ്ഞരായ നമ്മുടെ രാഷ്ട്രീയ നേതാക്കൾ നക്‌സലൈറ്റായി മുദ്രകുത്തിയേനെ. ഗ്രെറ്റയുടെ ഭാഷ അത്ര കഠിനവും പരുക്കനുമാണ്. 2018 ഡിസംബറിൽ യു.എൻ കാലാവസ്ഥാ സമ്മേളനത്തിൽ പ്രസംഗിക്കവേ, ലോക നേതാക്കൾ ഉത്തരവാദിത്തമില്ലാത്ത കുട്ടികളെപ്പോലെ പെരുമാറുന്നതായി അവൾ തുറന്നടിച്ചു. 
2019 ജനുവരിയിൽ ദാവോസിൽ ലോകസാമ്പത്തിക ഫോറത്തിനെത്തിയ വ്യവസായ പ്രമുഖരുടെ മുഖത്തുനോക്കി അവൾ പറഞ്ഞു: ചില വ്യക്തികൾ, ചില കമ്പനികൾ, തീരുമാനമെടുക്കുന്ന ചിലർ... അവർക്ക് കൃത്യമായി അറിയാം, സങ്കൽപിക്കാനാവുന്നതിനുമപ്പുറമുള്ള പണമുണ്ടാക്കുന്നതിനായി അവർ ചവിട്ടിമെതിക്കുന്ന വിലമതിക്കാനാവാത്ത മൂല്യങ്ങളെന്തൊക്കെയാണെന്ന്... ഞാൻ കരുതുന്നത് ഇന്ന് ഇവിടെ കൂടിയിരിക്കുന്നവരിൽ മിക്കവരും ആ സംഘത്തിൽ പെട്ടവരാണെന്നാണ്....
2003ൽ സ്റ്റോക്‌ഹോമിൽ ഒരു ഓപെറ ഗായികയുടെ മകളായി ജനിച്ച ഗ്രെറ്റ വലതുപക്ഷക്കാരിൽനിന്ന് വലിയ വിമർശവുമേറ്റുവാങ്ങുന്നുണ്ട്. എന്തിനെക്കുറിച്ചാണ് പറയുന്നത് എന്നറിയാത്ത കൗമാരക്കാരിയെന്നാണ് ഗ്രെറ്റയെ അവർ പരിഹസിക്കുന്നത്. ഫോക്‌സ് ന്യൂസിലെ ഒരു അവതാരകൻ അവളെ മാനസിക രോഗി എന്നു വിളിച്ചു. പിന്നിടയാൾക്ക് മാപ്പു പറയേണ്ടി വന്നു. എന്നാൽ എല്ലാ വിമർശങ്ങളേയും തള്ളിക്കളയുന്ന ഗ്രെറ്റ തന്റെ പ്രക്ഷോഭവുമായി മുന്നോട്ടു തന്നെ.
സഹപാഠിയുടെ നെഞ്ചിൽ കത്തികയറ്റാനും എതിർ രാഷ്ട്രീയക്കാരനെ കാമ്പസിൽനിന്ന് ഓടിക്കാനും അധ്യാപകനെ അസഭ്യം പറയാനും ചോദ്യക്കടലാസ് മോഷ്ടിച്ച് പരീക്ഷയെഴുതാനും മാത്രമറിയാവുന്ന നമ്മുടെ വിദ്യാർഥി രാഷ്ട്രീയക്കാർക്ക് ഗ്രെറ്റ തൻബെർഗിൽനിന്ന് ഏറെ പഠിക്കാനുണ്ട്. 

Latest News