Sorry, you need to enable JavaScript to visit this website.

കൊലയാളി എന്ന പേര് പോയല്ലോ, ആശ്വാസം; ഡോക്ടര്‍ കഫീല്‍ ഖാന്‍ പ്രതികരിക്കുന്നു

ലഖ്‌നൗ- ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് തന്റെ മേല്‍ ചുമത്തപ്പെട്ട കൃത്യവിലോപ, അഴിമതി ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചതില്‍ ഡോക്ടര്‍ കഫീല്‍ ഖാന്‍ ആശ്വാസം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിലാണ് കഫീല്‍ ഖാനെ എല്ലാ കുറ്റങ്ങളിലും നിന്നും മുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇന്ന് വളരെ സന്ദോഷമുള്ള ദിവസമാണെന്നും രണ്ടു വര്‍ഷത്തിനു ശേഷമാണ് എനിക്കും കുടുംബത്തിനും ഈ വളരെ നല്ല സന്തോഷ വാര്‍ത്ത ലഭിച്ചിരിക്കുന്നതെന്നും ഡോ. കഫീല്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2017 ഓഗസ്റ്റ് 22ന് പ്രഖ്യാപിച്ച അന്വേഷണമാണിത്. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഉത്തരവ്. പക്ഷേ രണ്ടു വര്‍ഷം നീണ്ടു പോയി. ഇത്രയും കാലം കൊലയാളി എന്ന പരാണ് എന്നില്‍ ചാര്‍ത്തപ്പെട്ടിരുന്നത്. ഇതു തുടച്ചുനീക്കപ്പെടുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷ- കഫീല്‍ ഖാന്‍ പറഞ്ഞു. എനിക്കെതിരായ കുറ്റങ്ങളെല്ലാം ഒരു അടിസ്ഥാനവുമില്ലാത്തതാണെന്ന് അന്വേഷണ ഓഫീസര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു ദിവസത്തിനിടെ 63 കുട്ടികള്‍ ആശുപത്രിയില്‍ മരിക്കാനുണ്ടായ കാരണം ദ്രവ ഓക്‌സിജന്‍ ലഭിക്കാത്തതു കൊണ്ടു തന്നെയാണെന്ന് ഈ അന്വേഷണ റിപോര്‍ട്ടിലുണ്ട്. യോഗി സര്‍ക്കാര്‍ വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആശുപത്രിക്ക് സമയത്തിന് ദ്രവ ഓക്‌സിജന്‍ ലഭിക്കാതെ വന്നതെന്നും തന്റെ നേതൃത്വത്തിലുള്ള സംഘത്തിന് 54 മണിക്കൂറിനിടെ 500 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാന്‍ കഴിഞ്ഞെന്നും അന്വേഷണ റിപോര്‍ട്ടില്‍ സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

എന്റെ സ്വന്തം പണം ഉപയോഗിച്ചാണ് ഈ സിലിണ്ടറുകള്‍ എത്തിച്ചതെന്നും റിപോര്‍ട്ട് തന്നെ പറയുന്നുണ്ട്. എന്റെ ഭാഗത്ത് മെഡിക്കല്‍ പിഴവുകള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നും കണ്ടെത്തിയിരിക്കുന്നു- റിപോര്‍ട്ടിന്റെ പകര്‍പ്പ് കയ്യിലെടുത്ത് കഫീല്‍ പറഞ്ഞു.

പിഞ്ചു കുട്ടികളുടെ മരണത്തിനു കാരണക്കാരായ യഥാര്‍ത്ഥ പ്രതികളെ ജയിലിലടക്കാതെ ഈ സംഭവത്തില്‍ പൂര്‍ണമായും നീതി നടപ്പാകില്ലെന്നും കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
 

Latest News