ന്യൂദല്‍ഹി- ഐഎന്‍എസ് മീഡിയ പണമിടപാടു കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചീദംബരം തെളിവുനശിപ്പിച്ചെന്ന് സിബിഐ ദല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. കേസിലെ മുന്‍ കൂട്ടുപ്രതിയും ഇപ്പോള്‍ മാപ്പുസാക്ഷിയുമായ ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റെ തെളിവുകളാണ് ചിദംബരം നശിപ്പിച്ചതെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. ചിദംബരം ഇന്ദ്രാണിയെ കണ്ട ദിവസത്തെ സന്ദര്‍ശകരുടെ വിവരങ്ങള്‍ കാണാനില്ലെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഈ സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിച്ചതാണെന്ന് സംശയിക്കുന്നതായാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ചിദംബരം ഇന്ദ്രാണിയെ കണ്ടതിന് തെളിവില്ലെന്ന ചിദംബരത്തിനു വേണ്ടി ഹാജരായ കപില്‍ സിബലിന്റെ വാദത്തിനു മറുപടി ആയാണ് തുഷാര്‍ മേത്തയുടെ വാദം.
ഇന്ദ്രാണിയെ കണ്ടതായി ഓര്‍ക്കുന്നില്ല. ധനമന്ത്രിയുടെ ഓഫീസില്‍ നൂറുകണക്കിനാളുകള്‍ വരാറുണ്ട്. ഇത് ഉറപ്പിക്കാന്‍ സന്ദര്‍ശകരുടെ വിവരങ്ങളടങ്ങിയ രേഖകള്‍ പരിശോധിക്കേണ്ടി വരുമെന്ന് ചിദംബരംകോടതിയില്‍ മറുപടി നല്‍കിയിരുന്നു.