Sorry, you need to enable JavaScript to visit this website.

കള്ളപ്പണക്കേസ്: ചോദ്യം ചെയ്യലിന് വരാമെന്ന് പവാർ, വേണ്ടെന്ന് ഇ.ഡി 

മുംബൈ- ചോദ്യം ചെയ്യലിന് വിധേയനാകാൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് നേരിട്ട് വരാമെന്ന എൻ.സി.പി നേതാവ് ശരദ് പവാറിന്റെ പ്രസ്താവനയിൽ ഞെട്ടി എൻഫോഴ്‌സ്‌മെന്റ് വിഭാഗം. ഇപ്പോൾ ചോദ്യം ചെയ്യലിന് വരേണ്ട കാര്യമില്ലെന്നും ആവശ്യമുണ്ടാകുമ്പോൾ അറിയിക്കാമെന്നും ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ശരദ് പവാറിന് കത്തയച്ചു. ഇന്ന് ഉച്ചയോടെ എൻഫോഴ്‌സമെന്റ് ഓഫീസിലേക്ക് വരാമെന്ന് കഴിഞ്ഞദിവസം ശരദ്പവാൻ അറിയിച്ചിരുന്നു. ഒരുമാസം കഴിഞ്ഞാൽ തെരഞ്ഞെടുപ്പിന്റെ തിരക്കിലാകുമെന്നും അതിനാൽ നേരത്തെ തന്നെ വരാമെന്നുമായിരന്നു ശരദ്പവാറിന്റെ വാഗ്ദാനം. ദൽഹിക്ക് മുന്നിൽ മുട്ടുമടക്കാൻ ഒരുക്കമില്ലെന്നും ഛത്രപതി ശിവജിയുടെ ആശയത്തിൽ ജീവിക്കുന്നവരാണ് മഹാരാഷ്ട്രയെന്ന മുന്നറിയിപ്പും നൽകിയിരുന്നു പവാർ. ഇന്ന് ഉച്ചയോടെ എൻഫോഴ്‌സമെന്റിന്റെ ഓഫീസിലെത്തുമെന്ന പവാറിന്റെ പ്രസ്താവനയെ തുടർന്ന് മുംബൈയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ചില മേഖലകളിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി. തനിക്ക് ജയിലിൽ പോകാനും മടിയില്ലെന്നും രാഷ്ട്രീയ കുടിപ്പക തീർക്കുന്നതിന് മുന്നിൽ കീഴടങ്ങാൻ തയ്യാറില്ലെന്നും ശരദ് പവാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. 
മഹാരാഷ്ട്ര സംസ്ഥാന സഹകരണ (എം.എസ്.സി) ബാങ്കിൽ 25,000 കോടി രൂപയുടെ അഴിമതിയിൽ ശരദ് പവാറിനും പങ്കുണ്ടെന്ന് ആരോപിച്ച് ഇ.ഡി കേസെടുത്തിരുന്നു.  25,000 കോടി രൂപയുടെ എം.എസ്.സി ബാങ്ക് തട്ടിപ്പ് കേസിൽ അദ്ദേഹം കള്ളപ്പണം വെളുപ്പിച്ചതായി ഏജൻസി കേസെടുത്ത ശേഷം എന്തെങ്കിലും വിവരങ്ങൾ ആവശ്യമുണ്ടോ എന്ന് ചോദിക്കാൻ താൻ ഇ.ഡിയുടെ ഓഫീസിലേക്ക് പോകുമെന്ന് പവാർ ബുധനാഴ്ച പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ജില്ലാ കേന്ദ്ര സഹകരണ (ഡിസിസി) ബാങ്കുകളുടെ സുപ്രധാന സ്ഥാപനമാണ് എം.എസ്.സി ബാങ്ക്.
എൻസിപിയുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടാകുമെന്ന് കണക്കിലെടുത്ത് തെക്കൻ മുംബൈയിലെ ഇഡിയുടെയും എൻസിപിയുടെയും ഓഫീസുകൾ സ്ഥിതിചെയ്യുന്ന ബല്ലാർഡ് എസ്‌റ്റേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചിരുന്നു. കൊളാബ, കഫെ പരേഡ്, മറൈൻ െ്രെഡവ്, ആസാദ് മൈതാൻ, ഡോങ്രി, ജെജെ മാർഗ്, എംആർഎ മാർഗ് എന്നിവിടങ്ങളിൽ നാലിൽ കൂടുതൽ ആളുകളെ ഒത്തുചേരുന്നതിനെ നിരോധിക്കുന്ന കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിന്റെ (സിആർപിസി) 144 വകുപ്പ് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും എൻസിപി പ്രവർത്തകരെ മുൻകരുതലിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇ.ഡി യുടെ കത്ത് ലഭിച്ചതോടെ യാത്ര ഉപേക്ഷിക്കുന്നതായി ശരദ് പവാര്‍ വ്യക്തമാക്കി. പ്രവര്‍ത്തകരോട് സമാധാനം പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. 
 

Latest News