ലഖ്നൗ- രണ്ടു വര്‍ഷം മുമ്പ് ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ ഓക്സിജന്‍ ലഭിക്കാതെ പിടഞ്ഞു മരിച്ച കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഡോക്ടര്‍ കഫീല്‍ ഖാനെതിരായ ആരോപണളെല്ലാം സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചു. കഫീല്‍ ഖാനെതിരെ ഉന്നയിച്ച നാലു പ്രധാന കുറ്റാരോപണങ്ങളും തെറ്റാണെന്ന് സര്‍ക്കാരിന്റെ തന്നെ പുതിയ റിപോര്‍്ട്ട് പറയുന്നു. 2017 ഓഗസ്റ്റ് പത്തിനും 11നുമായി ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ 63 കുട്ടികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ഈ സമയം അവിടെ ശിശുരോഗ വിദഗ്ധനായി സേനവം ചെയ്യുകയായിരുന്നു ഡോ. കഫീല്‍. കുട്ടികളുടെ മരണത്തിന്റെ പേരില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. എട്ടു മാസം ജയിലില്‍ കിടന്ന കഫീല്‍ ഖാന് 2018 ഏപ്രിലിലാണ് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സമയത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതാണ് സംഭവത്തിനിടയാക്കിയത്. തുടര്‍ന്ന് സ്വന്തം നിലയില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിച്ചതാണ് കഫീല്‍ ഖാന് വിനയായത്. സര്‍ക്കാരിന് വിമര്‍ശനമേല്‍ക്കേണ്ടി വന്നതോടെ വിവധ കുറ്റങ്ങള്‍ ചുമത്തി കഫീല്‍ ഖാനെ ജയിലലടക്കുകയായിരുന്നു. മരണം തടയാന്‍ നടപടി സ്വീകരിക്കുന്നതിനല്‍ വീഴ്ച വരുത്തി, ഓക്‌സിജന്‍ പ്രതിസന്ധിയെ കുറിച്ച് മേലുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ചുമത്തിയിരുന്നത്. ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സന്ദര്‍ശനത്തിന് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹീറോ ആകാന്‍ നോക്കേണ്ടെന്ന് ഡോ കഫീല്‍ ഖാനോട് പറഞ്ഞതും നേരത്തെ വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തട്ടകമാണ് ഗൊരഖ്പൂര്‍.