വാഷിംഗ്ടണ്‍- ഈ മാസം ആദ്യം ജര്‍മനിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ ഒരു മണിക്കൂറോളം രഹസ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. പരസ്യപ്പെടുത്തിയ രണ്ടര മണിക്കൂര്‍ ചര്‍ച്ചക്കു പുറമെ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് അന്ന് വെളിപ്പെടുത്തിയിരുന്നില്ല.
ജി-20 നേതാക്കള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു രണ്ടാമത്തെ ചര്‍ച്ച. ഭക്ഷണം കഴിക്കുന്നതിനിടയില്‍ സ്വന്തം സീറ്റ് ഉപേക്ഷിച്ച ട്രംപ് പുടിനടുത്തേക്ക് പോയി മറ്റൊരു കസേരയിലിരുന്നായിരുന്നു സംഭാഷണം. പുടിനോടൊപ്പം ഔദ്യോഗിക ട്രാന്‍സ്ലേറ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രണ്ടാമതൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും ഡിന്നറിന്റെ അവസാനം ഹ്രസ്വ സംഭാഷണം മാത്രമേ നടന്നുള്ളൂവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടാമത്തെ കൂടിക്കാഴ്ച മറച്ചുവെച്ചുവെന്നത് അടിസ്ഥാനരഹിതമാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഡിന്നറിനിടയില്‍ നേതാക്കളെല്ലാം മുറിയില്‍ നടന്നിരുന്നുവെന്നും പ്രസിഡന്റ് ട്രംപ് വേറെയും നേതാക്കളോട് അപ്പോള്‍ സംസാരിച്ചിരുന്നുവെന്നാണ് വിശദീകരണം.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ഹാംബര്‍ഗ് ഉച്ചകോടിക്കിടെ ട്രംപും പുടിനും തമ്മില്‍ ആദ്യ ചര്‍ച്ച നടന്നത്. ഇലക്ഷനില്‍ റഷ്യ ഇടപെട്ടുവെന്ന യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ നിഗമനം ശരിയാണോയെന്ന് ട്രംപ് പുടിനോട് രണ്ടു തവണ ചോദിച്ചപ്പോഴും അദ്ദേഹം നിഷേധിച്ചുവെന്നായിരുന്നു യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വെളിപ്പെടുത്തിയിരുന്നത്.