Sorry, you need to enable JavaScript to visit this website.

സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 20.3 ശതമാനമായി ഉയർന്നു

റിയാദ് - ഈ വർഷം രണ്ടാം ത്രൈമാസത്തിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 20.3 ശതമാനമായി ഉയർന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കാലയളവിൽ സൗദിവൽക്കരണ അനുപാതത്തിൽ 1.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2018ലെ രണ്ടാം ത്രൈമാസത്തിൽ സൗദിവൽക്കരണം 19 ശതമാനമായിരുന്നു. 
സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഗോസി രജിസ്‌ട്രേഷനുള്ള 82.5 ലക്ഷം ജീവനക്കാരുണ്ട്. 16.7 ലക്ഷം സ്വദേശികളും, 65.8 ലക്ഷം വിദേശികളും. 2015 ആദ്യ ത്രൈമാസം മുതലുള്ള 18 ത്രൈമാസങ്ങളിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളുടെ എണ്ണം ഇത്രയും കുറയുന്നത് ഈ വർഷമാണ്. 
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളിൽ 96.7 ശതമാനവും പുരുഷന്മാരാണ്, 63.6 ലക്ഷം. 2,18,710 വിദേശ വനിതകളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്, 3.3 ശതമാനം.  സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 11.4 ലക്ഷം പുരുഷന്മാരും 5,29,650 വനിതകളുമുണ്ട്. സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരിൽ 13.8 ശതമാനം പേർ സ്വദേശി പുരുഷന്മാരാണ്. 
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരിൽ 31.7 ശതമാനം പേർ വനിതകളാണ്. വിദേശികളും സ്വദേശികളും അടക്കമുള്ള ആകെ ജീവനക്കാരിൽ സൗദി വനിതകൾ 6.4 ശതമാനമാണ്. 
ഈ വർഷം രണ്ടാം ത്രൈമാസത്തിലെ കണക്ക് പ്രകാരം സ്വകാര്യ മേഖലയിൽ ആകെ 82,49,061 ജീവനക്കാരാണുള്ളത്. 16,70,900 സ്വദേശികളും 65,78,161 വിദേശികളും. കഴിഞ്ഞ വർഷം ആദ്യ ത്രൈമാസത്തിൽ 18.6 ശതമാനവും, രണ്ടാം ത്രൈമാസത്തിൽ 19 ശതമാനവും, മൂന്നാം ത്രൈമാസത്തിൽ 19.4 ശതമാനവും നാലാം ത്രൈമാസത്തിൽ 19.8 ശതമാനവും ഈ വർഷം ആദ്യ ത്രൈമാസത്തിൽ 20.2 ശതമാനവുമായിരുന്നു സൗദിവൽക്കരണമെന്നും ഗോസി കണക്കുകൾ വ്യക്തമാക്കുന്നു. 
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഊർജിത ശ്രമങ്ങളാണ് നടത്തുന്നത്. രണ്ടര വർഷത്തിനിടെ സൗദിയിൽ 19 ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകുന്നതിന് ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളാണ് വൻതോതിൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കിയത്. സൗദിവൽക്കരണ ശ്രമങ്ങൾ ഊർജിതമാക്കിയതിന്റെ ഫലമായി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 
ടെലികോം, ഐ.ടി മേഖലയിൽ പതിനാലായിരം തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിനുള്ള സംയുക്ത പദ്ധതിക്ക് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും തൊഴിൽ മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയും തുടക്കം കുറിച്ചിട്ടുണ്ട്. ഹോട്ടലുകളും റിസോർട്ടുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടക്കമുള്ള ആതിഥേയ മേഖലയിൽ മൂന്നു ഘട്ടങ്ങളായി സൗദിവൽക്കരണം നടപ്പാക്കുന്നതിനും തീരുമാനമായി. ത്രീ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഫോർ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾ, ഹോട്ടൽ വില്ലകൾ എന്നീ വിഭാഗം സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാണ്. ആതിഥേയ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന് പുതിയ തീരുമാനം ഇടയാക്കുമെന്നാണ് കരുതുന്നത്.  

 

Latest News