സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനും ഭീകരവിരുദ്ധ
നടപടികള്‍ ശക്തമാക്കാനും നിര്‍ദേശം
ന്യൂദല്‍ഹി- സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ അദ്ദേഹം പോലീസിനും അര്‍ധസൈനിക വിഭാഗത്തിനും നിര്‍ദേശം നല്‍കി. സാധാരണക്കാര്‍ക്കോ അവരുടെ സ്വത്തുവകകള്‍ക്കോ യാതൊരു തരത്തിലുള്ള നഷ്ടവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോവല്‍ ആവശ്യപ്പെട്ടു.
ഭീകരസംഘടനകളെ ഭയപ്പെടാതെ കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാന്‍ സൗകര്യമൊരുങ്ങിയതായാണ് അജിത് ഡോവലിന്റെ വിലയിരുത്തലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. താഴ്‌വര സന്ദര്‍ശിച്ച ഡോവല്‍ സുരക്ഷാ സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വിലയിരുത്തിയിരുന്നു.
ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനുശേഷം ഇതു രണ്ടാംതവണയാണ് ഡോവല്‍ താഴ്‌വരയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നത്.
ജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന വികസന പദ്ധതികളെ കുറിച്ചും അവ വേഗത്തില്‍ നടപ്പിലാക്കുന്നതിനെ കുറിച്ചും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു. മികച്ച ആരോഗ്യ പരിരക്ഷ, കശ്മീരില്‍നിന്ന് ആപ്പിള്‍ പെട്ടികള്‍ പുറത്തെത്തിക്കാനുള്ള സഹായം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി.
ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച അദ്ദേഹം താഴ് വരയുടെ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന തീവ്രവാദികളെ ലക്ഷ്യമിടാന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരെ ഒഴിച്ചുനിര്‍ത്താന്‍ ഇതു സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനഗര്‍ സിറ്റിയിലടക്കം താഴ്‌വരയുടെ പല ഭാഗങ്ങളിലും ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആപ്പിള്‍ കര്‍ഷകരെയും സിവിലിയന്മാരേയും വീടിനകത്ത് തന്നെ കഴിയാന്‍ പ്രേരിപ്പിക്കുന്നത് ഭീകരരുടെ സാന്നിധ്യമാണെന്നും പറയുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 11 ദിവസത്തോളം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് താഴ്‌വരയില്‍ ക്യാമ്പ് ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനുശേഷം അക്രമങ്ങളൊന്നും ഉണ്ടായില്ലെന്ന് ഉറപ്പു വരുത്തിയാണ് അദ്ദേഹം മടങ്ങിയിരുന്നത്.
സുരക്ഷാ സേനയുടെ എല്ലാ വിഭാഗങ്ങളുടേയും കുറ്റമറ്റ ഏകോപനം ഉറപ്പുവരുത്തുന്നതിനായി താഴ്‌വരയിലെ സ്ഥിതിഗതികള്‍ ഡോവല്‍ എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്.