ഇസ്താംബൂള്‍- തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് പുറത്തേക്കോടി.
നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ കുലുങ്ങിയതായി പ്രദേശ വാസികള്‍ പറഞ്ഞു. ചില ഓഫീസുകളും സ്‌കൂളുകളും താല്‍ക്കാലികമായി ഒഴിപ്പിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്താംബുള്‍ മേയര്‍ ഇക്രം ഇമാമോഗ്ലു ട്വീറ്റ് ചെയ്തു.
ഇസ്താംബൂളിന്റെ പടിഞ്ഞാറ് 70 കിലോമീറ്റര്‍ അകലെ, സിലിവ്രി പട്ടണത്തിന് തെക്ക് മര്‍മര കടലിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാണ്ടിലി ഒബ്‌സര്‍വേറ്ററി അറിയിച്ചു. 12.6 കിലോമീറ്റര്‍ താഴ്ചയിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത 5.7 ആണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയും സ്ഥിരീകരിച്ചു.
1999 ല്‍ ഇസ്താംബൂളിന് 90 കിലോമീറ്റര്‍ തെക്കുകിഴക്കായി ഇസ്മിത് നഗരത്തില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 17,000 പേര്‍ മരിച്ചിരുന്നു.