മുംബൈ- നഗരത്തിൽ 32 കാരൻ കൂട്ടബലാത്സംഗത്തിനിരയായി. നവി മുംബൈയിലാണ് യുവാവിനെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച സായാഹ്ന സവാരി നടത്തുന്നതിനിടെയാണ് യുവാവിനെ സംഘം അക്രമിച്ചത്. യുവാവിനെ മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ബീലാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുകയാണ് യുവാവ്. ഏറെ നേരമായിട്ടും യുവാവിനെ കാണാതായതിനെ തുടർന്ന് കുടുംബം ഇയാളെ അന്വേഷിച്ചിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് സാഗർ വിഹാർ മേഖലയിൽ യുവാവ് കിടക്കുന്നുണ്ടെന്ന് ആരോ അറിയിച്ചത്. ഇതനുസരിച്ച് ബന്ധുക്കളെത്തി ഇദ്ദേഹത്തെ കണ്ടെത്തി ഉടൻ കോപർ കൈറൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവിൻറെ ബന്ധുക്കളുടെ പരാതി പ്രകാരം വാഷി പൊലീസ് കേസെടുത്തു. സെക്ഷൻ 377 പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. 25 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് അക്രമികളെന്നും യുവാവ് പറഞ്ഞു.