ന്യൂയോര്‍ക്ക്- ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി രാജ്യം വിട്ട വജ്രവ്യാപാരിയും ശതകോടീശ്വരനുമായ മെഹുല്‍ ചോക്‌സി വഞ്ചകനാണെന്നും അയാളെ ഇന്ത്യക്ക് കൈമാറുമെന്നും ആന്റിഗ്വ ബാര്‍ബുഡ പ്രധാനമന്ത്രി കാസ്റ്റണ്‍ ബ്രൗണെ പറഞ്ഞു.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളില്‍നിന്ന് രക്ഷപ്പെടാന്‍ വജ്ര വ്യാപാരിയായ മെഹുല്‍ ചോക്‌സി ആന്റിഗ്വ പൗരത്വം സ്വീകരിച്ചിരുന്നു. നികുതി വെട്ടിപ്പുകാരുടെ കരീബിയിന്‍ താവളങ്ങളിലൊന്നായ ആന്റിഗ്വക്ക് ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്ല.
ആന്റിഗ്വ ബാര്‍ബുഡ പ്രധാനമന്ത്രി കാസ്റ്റണ്‍
എല്ലാ അപ്പീലുകള്‍ക്കുംശേഷം ചോക്‌സി നാടുകടത്തപ്പെടുമെന്ന കാര്യം ഉറപ്പാണെന്നും അത് ഉടന്‍ ഉണ്ടാകുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപ തട്ടിയ സംഭവത്തില്‍ പ്രതിയായ മെഹുല്‍ ചോക്‌സിക്ക് 2018 ജനുവരിയിലാണ് കരീബിയന്‍ രാജ്യമായ ആന്റിഗ്വ പൗരത്വം അനുവദിച്ചത്.
രാജ്യത്തേക്ക് ഒന്നും കൊണ്ടുവരാത്ത വഞ്ചകനാണ് ചോക്‌സി. അയാളെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അപ്പീലുകള്‍ തീര്‍പ്പായ ശേഷം അയാളെ നാടുകടത്തും. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണം തുടരാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. മെഹുല്‍ ചോക്‌സിയെ ചോദ്യം ചെയ്യുന്നത് തടയില്ല-പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് നിക്ഷേപിക്കുമെന്ന ഉറപ്പിലാണ് ആന്റിഗ്വ വിദേശികള്‍ക്ക് പൗരത്വം അനുവദിക്കാറുള്ളത്. യാതൊന്നു നിക്ഷേപിക്കാത്തതിനാലണ് മെഹുല്‍ ചോക്‌സിയെ ആന്റിഗ്വ പ്രധാനമന്ത്രി വഞ്ചകനായി വിശേഷിപ്പിക്കുന്നത്.
പിഎന്‍ബി കുംഭകോണം പുറത്തുവരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് കഴിഞ്ഞ ജനുവരിയില്‍ മെഹുല്‍ ചോക്‌സിയും മരുമകന്‍ നീരവ് മോഡിയും ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടത്. ആറുമാസത്തിനുശേഷമാണ് ആന്റിഗ്വ പൗരത്വം സ്വീകരിച്ച വിവരം പുറത്തുവന്നത്. ഇന്ത്യയില്‍നിന്ന് യഥാസമയം വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് മെഹുല്‍ ചോക്‌സിക്ക് പൗരത്വം ലഭിച്ചതെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യക്കാണെന്നും ആന്റിഗ്വ പ്രധാനമന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണം ഭയന്നാണ് ഇന്ത്യയിലേക്ക് മടങ്ങാത്തതെന്ന് 59 കാരനായ മെഹുല്‍ ചോക്സി
അവകാശപ്പെട്ടിരുന്നു. അറസ്റ്റ് ഭയന്ന് നാടുവിട്ട മെഹുല്‍ ചോക്സിയെ മുംബൈ കോടതി ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ഫെബ്രുവരിയില്‍ മെഹുല്‍ ചോക്സിയുടെയും നീരവ് മോഡിയുടെയും പാസ്പോര്‍ട്ടുകള്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. നീരവ് മോഡി മാര്‍ച്ച് 20 ന് ബ്രിട്ടനില്‍ അറസ്റ്റിലായി.
ആന്റിഗ്വയിലാണ് താമസിക്കുന്നതെന്നും പിഎന്‍ബി കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ജൂണ്‍ 17 ന് മെഹുല്‍ ചോക്‌സി ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ആന്റിഗ്വയിലെ ഡോക്ടര്‍ ചില കാരണങ്ങളാല്‍ ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും കോടതി ആവശ്യപ്പെട്ടതു പ്രകാരം മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകില്ലെന്ും ചോക്‌സിയുടെ അഭിഭാഷകന്‍ കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.