ന്യൂയോര്‍ക്ക്- നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് കടന്നുവരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു. ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ കീഴില്‍ ഇന്ത്യ നേടിയ നേട്ടങ്ങളും പുരോഗതികളും പ്രധാനമന്ത്രി വിശദീകരിച്ചു.
നിക്ഷേപകര്‍ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. ഏതെങ്കിലും തരത്തിലുള്ള കുറവുകളും അകലങ്ങളും ഉണ്ടെങ്കില്‍ താന്‍ ഒരു പാലമായി വര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ സാങ്കേതിക വിദ്യയും ഞങ്ങളുടെ പ്രാഗത്ഭ്യവും ലോകത്തെതന്നെ മാറ്റിമറിക്കാന്‍ സഹായകമാണ്. അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കും. വിസ്താരമുള്ള ഒരു വിപണിയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് കടന്നു വരണം. ലോകത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യത്തോടെയുള്ള രാജ്യത്ത് നിക്ഷേപിക്കാനാണ് നിങ്ങള്‍ ഒരുങ്ങുന്നതെങ്കില്‍ ഇന്ത്യയിലേക്ക് വരണം -മോഡി പറഞ്ഞു.
ഇന്ത്യയിലെ ജനാധിപത്യവും ജൂഡീഷ്യറിയും നിക്ഷേപത്തിന് വലിയ സുരക്ഷയൊരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പൊന്നുമില്ലാത്ത രീതിയില്‍ പ്രതിരോധ മേഖല നിക്ഷേപകര്‍ക്കായി തുറന്നിട്ടിരിക്കയാണെന്നും രാഷ്ട്രീയ സാഹചര്യങ്ങളിലും കറന്‍സിയിലുമുള്ള സ്ഥിരത കാരണം 2014ന് ശേഷം ഇന്ത്യ സൗഹൃദ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നുവെന്നും മോഡി അവകാശപ്പെട്ടു.