റാഞ്ചി-ജാര്‍ഖണ്ഡില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ജെഡിയു ദേശീയ വക്താവ് പവന്‍ വര്‍മ്മ. രാജ്യം ഒരു അപരിഷ്‌കൃത രാഷ്ട്രമായി മാറുന്നതിനുള്ള വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. അപരിഷ്‌കൃത രാഷ്ട്രത്തിലേക്കാണ് നമ്മള്‍ പോകുന്നതെന്ന് തരിച്ചറിയാന്‍ ഇനിയും എത്ര ആള്‍ക്കൂട്ട ആക്രമണങ്ങളാണ് കാണേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഒരു സ്ഥലത്ത് നമ്മുടെ ഭൂമിയെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും സഹിഷ്ണുതയെ കുറിച്ചും അഹിംസയെ കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുന്നു. എന്നാല്‍ മറ്റൊരു വശത്ത് പശുവിന്റെ പേരില്‍ ഏറ്റവും പ്രാകൃതവും നിന്ദ്യവുമായ കൊലപാതകങ്ങള്‍ നടക്കുകയാണെന്നും പവന്‍ വര്‍മ്മ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം തല്ലികൊന്നിരുന്നു. രണ്ട് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലണ്. മര്‍ദനമേറ്റ അംഗപരിമിതനായ കലണ്ടുസ് ബാര്‍ലയാണു മരിച്ചത്. ഫാഗു കച്ചാപ്പ്, ഫിലിപ് ഹോറോ എന്നിവരാണ് റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലുള്ളത്.