Sorry, you need to enable JavaScript to visit this website.

സോയൂസിന്റെ ചിറകില്‍ ഹസ്സ ചരിത്രത്തിലേക്ക് പറന്നു, യു.എ.ഇയും

ദുബായ്- ഹസ്സ അല്‍ മന്‍സൂരി ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. സോയൂസ് എംഎസ്-15 എന്ന നിശായാനം യു.എ.ഇയെ ഉയര്‍ത്തിക്കൊണ്ടുപോയത് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊന്നും കൈവരിക്കാനാവാത്ത നേട്ടത്തിലേക്കാണ്. യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി ഹസ്സ രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലെത്തും.
കസാഖിസ്ഥാനിലെ ബൈക്കാനൂര്‍ കോസ്‌മോഡ്രോമില്‍നിന്ന് അല്‍പ സമയം മുമ്പാണ് സോയൂസ് പറന്നുയര്‍ന്നത്. സോയൂസിന്റെ അവസാന ഘട്ടവും വിജയകരമായി പൂര്‍ത്തിയായെന്ന് ഏതാനും നിമിഷം മുമ്പ് മിഷന്‍ കണ്‍ട്രോള്‍ റൂം അറിയിച്ചു. ഹസ്സയോടൊപ്പം രണ്ട് യാത്രികര്‍ കൂടിയുണ്ട് ഐഎസ്എസിലേക്ക്.
പുറപ്പെടുന്നതിന് മുമ്പ് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഹസ്സ അല്‍ മന്‍സൂരിയെയും സുല്‍ത്താന്‍ അല്‍ നയാദിയെയും ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.

http://www.malayalamnewsdaily.com/sites/default/files/2019/09/25/astronaut.jpg

വിജയത്തിനായി അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. യാത്രയ്ക്കുള്ള അന്തിമ തയാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ ട്വിറ്ററിലൂടെ കിരീടാവകാശി പങ്കുവെച്ചു. രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഇമറാത്തി ജനങ്ങളുടെ കഴിവില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതരായി മടങ്ങിവരാന്‍ സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. എല്ലാ ഇമിറാത്തികളെയും പ്രതിനിധാനം ചെയ്യുന്നവരാണ് ഹസ്സയും നയദിയും. നിങ്ങളെപ്പോലുള്ള കേഡര്‍മാരെ ഈ രാജ്യത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ട്. ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
എല്ലാവിധ പിന്തുണയും നല്‍കുന്ന ശൈഖ് മുഹമ്മദിനും യു.എ.ഇ ഭരണനേതൃത്വത്തിനും ഹസ്സയും നയാദിയും നന്ദി അറിയിച്ചു. രാജ്യാന്തര ബഹിരാകാശനിലയത്തില്‍ മാതൃരാജ്യത്തിന്റെ പ്രതിനിധികളായി പോകുന്നതിലും യു.എ.ഇ പതാക ഉയര്‍ത്തുന്നതിലും അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഒക്‌ടോബര്‍ നാലിനാണ് സഞ്ചാരികള്‍ തിരിച്ചെത്തുക.

 

Latest News