ലഖ്‌നൗ- ഷാജഹാന്‍പൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ 23കാരിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ ചിന്മയാനന്ദയെ പാര്‍ട്ടി തള്ളി. പീഡനക്കേസ് പുറത്തു വന്ന് ഒരു മാസത്തിനു ശേഷം ചിന്മയാനന്ദ അറസ്റ്റിലായതിനു ശേഷമാണ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് ബിജെപി രംഗത്തെത്തിയത്. മൂന്ന് തവണ ബിജെപി എംപിയായ ചിന്മയാനന്ദ പാര്‍ട്ടി അംഗമല്ലെന്ന് ഉത്തര്‍പ്രദേശ് ഘടകം വക്താവ് പറഞ്ഞു. 72കാരനായ ചിന്മയാനന്ദ വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. 'ചിന്മയാനന്ദയുടെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്കു പോകും. അദ്ദേഹം ഒരു ബിജെപി അംഗമല്ല. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട വക്താവ് എന്ന നിലയാണ് ഇതു പറയുന്നത്,' ഹരീഷ് ശ്രീവാസ്തവ പറഞ്ഞു. എന്നാണ് ചിന്മയാനന്ദ ബിജെപി അംഗത്വം ഉപേക്ഷിച്ചതെന്ന് ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. കുറെ കാലമായി ചിന്മയാനന്ദ പാര്‍ട്ടി അംഗമല്ലെന്നും എന്നാണ് അംഗത്വം ഉപേക്ഷിച്ചതെന്നതിന് വ്യക്തമായ രേഖകളൊന്നുമില്ലെന്നും ഹരീഷ് പറഞ്ഞു.
കേസ് വലിയ വിവാദമായതോടെ വെള്ളിയാഴ്ചയാണ് പൊലീസ് ചിന്മയാനന്ദയെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ കവര്‍ച്ചക്കേസില്‍ പ്രതി ചേര്‍ത്ത് പീഡന ഇരയായ പെണ്‍കുട്ടിയേയും ഇന്ന് അറസ്റ്റ് ചെയ്തു. ജാമ്യം നിഷേധിക്കപ്പെട്ട യുവതിയെ 14 ദിവസത്തെ റിമാന്‍ഡില്‍ ജയിലിലടച്ചിരിക്കുകയാണ്.