ന്യൂദൽഹി- ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ കുൽദീപ് സിംഗ് സെംഗാറിന്റെ ബലാത്സംഗത്തിനും തുടർന്ന് ക്രൂരമായ പീഡനത്തിനും ഇരയായ പെൺകുട്ടി ദൽഹിയിലെ എയിംസ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി. ജൂലൈ 28ന് വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടിയെ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് പിന്നീട് ദൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. റായ്ബറേലി ജയിലിൽ കഴിയുന്ന അമ്മാവനെ കാണാനായി വക്കീലിനും മറ്റ് രണ്ടു ബന്ധുക്കൾക്കുമൊപ്പം പോകുന്നതിനിടെയാണ് റായ്ബറേലിയിൽ ട്രക്ക് വന്ന് കാറിനിടിച്ചത്. അപകടത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും പെൺകുട്ടിക്കും അഭിഭാഷകനും മാരകമായി പരിക്കേൽക്കുകയും ചെയ്തു.
ബി.ജെ.പി നേതാവ് കുൽദീപ് സിംഗ് സെംഗാറാണ് അപകടമുണ്ടാക്കിയ സംഭവത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് വിദഗ്ദ ചികിത്സക്കായി കുട്ടിയെ ലഖ്‌നൗ കെ.ജി.എം.യു ആശുപത്രിയിൽനിന്ന് എയിംസിലേക്ക് മാറ്റിയത്. കുട്ടിയും കുടുംബവും ദൽഹിയിൽ തന്നെ കഴിയും. യു.പിയിൽ ജീവന് ഭീഷണിയുണ്ടെന്ന് ഇവരുടെ കുടുംബം പറഞ്ഞിരുന്നു.