ഗുഡ്ഗാവ്- മാതാപിതാക്കളില്‍ നിന്ന് വേണ്ടത്ര പരിഗണനയും സ്‌നേഹവും ലഭിക്കുന്നില്ലെന്ന ധാരണയില്‍ ഗുഡ്ഗാവില്‍ യുവാവ് മാതാപിതാക്കളെ കുത്തി. പലതവണ കുത്തേറ്റ അച്ഛന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ അമ്മ ഗുരുതരാവസ്ഥയില്‍ ദല്‍ഹി എയിംസ് ആശുപത്രിയില്‍ ജീവനോട് മല്ലിടുകയാണ്. ഗുഡ്ഗാവ് ഓള്‍ഡ് സിറ്റിയിലെ ലക്ഷ്മി നഗറിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 32കാരന്‍ റിഷഭ് മേത്തയാണ് പ്രതി. സഹോദരന്റെ കണ്‍മുന്നിലിട്ടാണ് യുവാവ് മാതാപിതാക്കളോട് ഈ കൊടുംക്രൂരത കാട്ടിയത്. സംഭവത്തിനു ദൃക്‌സാക്ഷിയായ സഹോദരന്‍ മായങ്ക് മേത്തയുടെ പരാതിയില്‍ റിഷഭിനെതിരെ കേസെടുത്തു. കൊലനടത്തി മുങ്ങിയ റിഷഭിനെ വൈകാതെ തന്നെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു.
റിഷഭ് മാതാപിതാക്കളുമായി ഇടക്കിടെ വഴക്കിടാറുണ്ടെന്ന് മായങ്ക് പറഞ്ഞു. ചൊവ്വാഴ്ചയും വഴക്കിട്ടിരുന്നു. ഇതിനിടെ പഴം വാങ്ങാനായി അങ്ങാടിയിലേക്കു പോയതായിരുന്നു മായങ്ക്. സംഭവമറിഞ്ഞ അമ്മാവന്‍ മായങ്കിനെ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കളെ റിഷഭ് തുരുതുരാ കുത്തുന്നതാണ് കണ്ടതെന്ന് മായങ്ക് പറഞ്ഞു. തടയാന്‍ ശ്രമിച്ചപ്പോള്‍ മായങ്കിനും കയ്യിനു കുത്തേറ്റു. മായങ്കാണ് കുത്തേറ്റ മാതാപിതാക്കളെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചത്. അച്ഛന്‍ സുശീല്‍ മേത്ത അപ്പോഴേക്കും മരിച്ചിരുന്നു. കഴുത്തിലും നെഞ്ചിലും വയറിലും മാരകമായി കുത്തേറ്റ അമ്മയെ എയിംസിലേക്കു മാറ്റി.