ലഖ്‌നൗ- ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരെ പീഡന പരാതി നല്‍കിയ നിയമ വിദ്യാര്‍ഥിനിയുടെ അറസ്റ്റ് തടയണമെന്ന ഹരജിയില്‍ വാദം കേള്‍ക്കാന്‍ കോടതി സമ്മതിച്ചു. ഇതോടെ ചിന്‍മയാനന്ദ് നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം പാളി. വ്യാഴാഴ്ച കോടതി വാദം കേള്‍ക്കുന്നതുവരെ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്യാനാവില്ല.
സ്വാമിയില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവതിയെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നതിനിടെയാണ് കോടതിയുടെ ഭാഗത്തുനിന്നുള്ള ആശ്വാസം. യുവതിയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും തങ്ങള്‍ക്ക് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ അനൂപ് ത്രിവേദി പറഞ്ഞു.
യുവതിയോടൊപ്പം ചേര്‍ന്ന് ചിന്മയാനന്ദില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ റിമാന്‍ഡിലായ സച്ചിന്‍, വിക്രം എന്നിവര്‍.
ഷാജഹാന്‍പൂരിലെ കോടതിയിലേക്ക് പോകുമ്പോള്‍ പോലീസ് യുവതിയെ തടയുകയും ഒരു വാഹനത്തില്‍ കയറ്റി ഇരുത്തുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ചിന്‍മയാനന്ദ് ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചുെവന്ന യുവതിയുടെ ആരോപണം അന്വേഷിക്കുന്ന പോലീസുകാരും പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു വനിതാ ഉദ്യോഗസ്ഥയും കോടതിയില്‍നിന്ന് പുറത്തിറങ്ങിയ യുവതിയെ വളയുന്നത് ദൃശ്യങ്ങളില്‍ കാണാം. തിരുമ്മാന്‍ കൊണ്ടു പോയ തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാണ് കരുത്തനായ രാഷ്ട്രീയ നേതാവ് സ്വാമി ചിന്‍മയാനന്ദിനെതിരായ പരാതി.
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ യുവതിയെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദം ശക്തമാണ്. യുവതി ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ ചിന്‍മയാനന്ദില്‍നിന്ന് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് ആദ്യം മുതല്‍ തങ്ങള്‍ പറയുന്നുണ്ടെന്നും എന്തുകൊണ്ട് ഇതുവരെ യുവതിയെ അറസ്റ്റ് ചെയ്തില്ലെന്നും ചിന്‍മയാനന്ദിന്റെ അഭിഭാഷകന്‍ ഓം സിംഗ് ചോദിച്ചു. 72 കാരനായ ചിന്‍മയാനന്ദ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ജയിലിലാണ്. വിദ്യാര്‍ഥിനിയുടെ ആരോപണം പുറത്തുവന്ന് ഒരു മാസത്തിനുശേഷമാണ് ചി•യാനന്ദിനെ അറസ്റ്റ് ചെയ്തത്.
ബി.ജെ.പി നേതാവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തുന്നതിനു പകരം ലൈംഗിക ബന്ധത്തിനായി അധികാരം ദുരുപയോഗം ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇത് ബലാത്സംഗ കുറ്റത്തിനു തുല്യമല്ല. സ്വാമിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന ആരോപണമാണ് യുവതിയുടെ അഭിഭാഷകന്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ ചുമത്തിയ കുറ്റത്തിന് അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ വിധിക്കാനാകുക. ബലാത്സംഗ കുറ്റത്തിന് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവു വിധിക്കാം.
ചിന്‍മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവതിയുടെ സുഹൃത്തുക്കളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം തട്ടാനുള്ള ശ്രമത്തില്‍ യുവതിക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു.
താന്‍ ബലാത്സംഗത്തിന് ഇരയായതാണെന്ന് പോലീസിനോട് വെളിപ്പെടുത്തിയിട്ടും ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ല. ഭയപ്പെട്ടതുപോലെ തന്നെ പോലീസ് ചിന്‍മയാനന്ദിനുവേണ്ടി കളിക്കുകയാണെന്നും അയാളുടെ അറസ്റ്റ് നാടകം മാത്രമാണെന്നും യുവതി കുറ്റപ്പെടുത്തി.
23 കാരിയായ യുവതി കൈമാറിയ വിഡിയോകളാണ് ഒടുവില്‍ ചിന്‍മയാനന്ദിനെതിരെ കേസെടുക്കാന്‍ പോലീസിനെ നിര്‍ബന്ധിതമാക്കിയത്. യുവതിയുടെ കണ്ണടയില്‍ ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിന്‍മയാനന്ദ് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.
നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്‍മയാനന്ദിനെതിരെ ഒരു മാസമായിട്ടും കുറ്റം ചുമത്തിയിരുന്നില്ല. യുവതിയും കുടുംബവും പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും യു.പി പോലീസ് നിരസിച്ചിരുന്നു.