ദുബായ്- ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 7,500 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ യു.എ.ഇ സന്നദ്ധത അറിയിച്ചതായി വാണിജ്യ, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച 200 ല്‍ ഏറെ യു.എ.ഇ സംരംഭകരുടെ പദ്ധതികള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കും.
മറ്റു കമ്പനികള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു വര്‍ഷത്തിനിടയിലാണ് ഇത്രയും സംരംഭകര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഇന്ത്യ-യു.എ.ഇ സംയുക്ത ടാസ്‌ക് ഫോഴ്‌സ് യോഗത്തിനു ശേഷം വാണിജ്യ-വ്യവസായ മേഖലയിലുണ്ടായ മുന്നേറ്റമാണിത്. അബുദാബിയില്‍ നടന്ന ഏഴാമത് സംയുക്ത ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ വിവിധ പദ്ധതികള്‍ അവലോകനം ചെയ്തു.
എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ഭക്ഷ്യ സംസ്‌കരണം, പാരമ്പര്യേതര ഊര്‍ജം, ഷിപ്പിംഗ്, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ക്കു രൂപം നല്‍കുകയെന്നതാണു ലക്ഷ്യം. അബുദാബി കിരീടാവകാശിയുടെ ഭരണനിര്‍വഹണ കാര്യാലയം ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തു.