ബെംഗളൂരു- ജനാധിപത്യത്തെ കൊല്ലുന്നത് ഇന്ത്യയിലെ മാധ്യമങ്ങളാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍. പ്രഥമ ഗൗരി ലങ്കേഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് രവീഷ് കുമാര്‍ തുറന്നടിച്ചത്. മാധ്യമങ്ങളെ വിട്ട് ജനം തെരുവിലേക്ക് ഇറങ്ങാന്‍ രവീഷ് ആഹ്വാനം ചെയ്തു. കശ്മീര്‍ വിഷയത്തിലും ഹിന്ദി ദേശീയ ഭാഷയാക്കാനുളള നീക്കത്തിന് എതിരെയും രവീഷ് കുമാര്‍ പ്രസംഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് മോഡി സര്‍ക്കാരിന് എതിരെ ഉയര്‍ത്തിയത്.
നിങ്ങള്‍ ജനാധിപത്യത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ പോരാടുക. ജനാധിപത്യത്തിന് വേണ്ടി നീണ്ട കാലം പൊരുതിയിട്ടുളളതാണ് മാധ്യമങ്ങള്‍. എന്നാല്‍ ഇന്ന് എല്ലാം മാറിപ്പോയിരിക്കുന്നു. നിങ്ങള്‍ പത്രങ്ങള്‍ വലിച്ചെറിയൂ, ടെലിവിഷന്‍ ചാനലുകള്‍ കാണാതിരിക്കൂ, നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങൂ. അസാധ്യമെന്ന് ഇന്ന് തോന്നാം. എന്നാല്‍ നാളെ നിങ്ങളത് ചെയ്യുക തന്നെ ചെയ്യും. സാധാരണക്കാരുടെ ഏക ആശ്രയം ആയിരുന്ന മാധ്യമങ്ങള്‍ ഇന്ന് വിശ്വാസ്യ യോഗ്യമല്ലാതായിരിക്കുന്നു-അദ്ദേഹം വിശദീകരിച്ചു.