സംസാരിക്കാനും എഴുതാനും മാത്രമുള്ളതല്ല ഭാഷ. തക്കം നോക്കി എറിഞ്ഞുതകർക്കാനും മുറിപ്പെടുത്താനും ഭാഷ പ്രയോഗിക്കാം. നിരക്ഷരകുക്ഷികളെ ഇളക്കിവിടാൻ ഭാഷ ഇറക്കാം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പയറ്റിനോക്കിയതും മറ്റൊന്നല്ല. ഷായ്ക്ക് അതിനെപ്പറ്റി രണ്ടാം ചിന്ത വരും മുമ്പേ ഒരു ബദൽ വടിവുമായി രമേശ് ചെന്നിത്തലയെത്തി.
ഭാരതീയ ഭാഷകളിൽ ഹിന്ദിയോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് അമിത് ഷായുടെ ഗുജറാത്തി. ഹിന്ദിയെ അനുകൂലിച്ചുകൊണ്ട് ഷാ നടത്തിയ ഒഴുക്കൻ പ്രസ്താവം തനിക്ക് ഹിന്ദി അറിയാമെന്ന് മേനി പറയുന്ന ചെന്നിത്തലക്ക് അരോചകമായി. ഭാഷാഭാരതം പട വെട്ടാൻ വടക്കും തെക്കുമായി അക്ഷൗഹിണികൾ നിരക്കാൻ തുടങ്ങി.
കേട്ട മാത്രയിൽ ഷായുടെ ഹിന്ദിവാദം അതിക്രമമാണെന്നു തോന്നിയില്ല. ഹിന്ദിയെ സ്‌നേഹിക്കുകയും ഭാരതീയതയിൽ ഹിന്ദി നിറയണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന വടക്കൻ ജനസാമാന്യത്തെ കുറഞ്ഞൊന്ന് ഇക്കിളിപ്പെടുത്താനേ ഷാ ഉദ്ദേശിച്ചിരിക്കുകയുള്ളു. നിലവിലില്ലാത്ത ഒരു ഭാഷാക്രമം അഷ്ടഗന്ധമിട്ടുറപ്പിക്കാൻ കോപ്പുകൂട്ടുകയായിരുന്നില്ല. ഹിന്ദിയിതരഭാഷകൾ പലതുമുള്ള സാഹചര്യത്തിൽ അങ്ങനെ ഒരു പ്രതിഷ്ഠാകർമ്മം എളുപ്പമല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്കു പോലും അറിയാം.
ഭരണഘടന വിഭാവനം ചെയ്യുന്ന സ്ഥാനം ഹിന്ദിക്ക് നേടിക്കൊടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിളംബരത്തിന്റെ സാരം. ഹിന്ദിയുടെ പ്രാമാണ്യം ഘോഷിക്കുന്നതിനുപുറമേ, മറ്റുഭാഷകൾ സംസാരിക്കുന്നവരുടെ ഇംഗിതവും അഭിലാഷവും എന്നെന്നും വില വെച്ചുകൊടുക്കും എന്നൊരു വ്യവസ്ഥയും ഭരണഘടനയിൽ എഴുതിച്ചേർക്കുകയുണ്ടായി. അതേ സമയം, മറ്റു ഭാഷകളുടെ ഭാവി ആ വ്യവസ്ഥയുടെ ബലിപീഠത്തിൽ കുരുതി വീഴ്ത്തില്ലെന്നും വ്യക്തമായിരുന്നു. ചെന്നിത്തല കയറിപ്പിടിച്ചത് ആ ചിന്തയിലായിരുന്നു. മറ്റു മലയാളികളെക്കാൾ ഹിന്ദി അറിയുന്ന ആളാണല്ലോ അദ്ദേഹം.
രാജധാനിയിൽ ഒരു പദവി കിട്ടാൻ ചെന്നിത്തലയെ ഏറെ പിന്തുണച്ച ഒരു വിശേഷതയും അതാണെന്നത്രേ കേൾവിയും. പക്ഷേ ആ വിചാരമൊന്നും അദ്ദേഹത്തെ ഒരു ഹിന്ദിവാദിയാക്കിയില്ല എന്നതാണ് രസം. തനിക്കു പലതുകൊണ്ടും സഹായകമായ ഹിന്ദിക്കുവേണ്ടി ആരെന്തുപറഞ്ഞാലും അതിനെ അടച്ചെതിർക്കുന്നതാവും
മെച്ചമെന്ന് എല്ലാവരും പ്രചരിപ്പിക്കുന്ന രാഷ്ട്രീയഗണിതം.
ഹിന്ദിക്കാരന് ഗുണകരമാകാനിടയുണ്ടെന്നു കരുതുന്ന എന്തിനെയും ഏതിനെയും എതിർക്കുകയാണ് തങ്ങളുടെ അജണ്ടയെന്ന് തെക്കേ ഇന്ത്യക്കാരും കിഴക്കേ ഇന്ത്യക്കാരും വിചാരിച്ചുപോരുന്നു. ആ വഴിയേ ചുവടു നീക്കി വിപ്ലവം പൊലിപ്പിക്കാൻ നോക്കുന്ന സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും ബഹളം വെച്ചിരിക്കണം. ഹിന്ദിവിരുദ്ധവികാരം എണ്ണയിട്ടാളിക്കുന്നതിൽ മത്സരിക്കുകയായിരുന്നു ദക്ഷിണേന്ത്യൻ പാർട്ടികളെല്ലാം. ഹിന്ദിവിരോധത്തിലും ബ്രാഹ്മണവൈരത്തിലും വേരൂന്നി വളർന്നതാണല്ലോ മുഖ്യമായും ദ്രാവിഡപ്രസ്ഥാനം.
അറുപതുകളിൽ ആളിക്കത്തിയ ഹിന്ദിവിരോധവും ഉത്തരേന്ത്യൻ സംശയവും സാരമായ ഒരു വിഘടനപ്രസ്ഥാനമായിത്തന്നെ വ്യാപിച്ചു. ഇന്ത്യയുടെ ഐക്യം തകർക്കാൻ ആർ ആരെയെല്ലാം നിയോഗിച്ചുവെന്നത് ഇന്നും വാദവിഷയമായിരിക്കുന്നു. തമിഴകത്തെ ഹിന്ദിവിരുദ്ധപ്രക്ഷോഭത്തിന് ആക്കം കൂട്ടാനും അതുവഴി ഇന്ത്യയുടെ രാഷ്ട്രീയശേഷി ഉടക്കാനും അമേരിക്കൻ രഹസ്യ സംഘടന ശ്രമിച്ചിരുന്നുവെന്നാണ് ഒരു വാദം. പല ദ്രാവിഡ നേതാക്കളും സി. ഐ. എയുടെ വരുതിയിലായിരുന്നുവെന്ന് സംശയിക്കാവുന്നതാണെന്ന് അതൊതുക്കാൻ ചുമതലപ്പെട്ട മധുര കലക്ടർ ആയിരുന്ന ടി. എൻ ശേഷൻ പറയുന്നു. ലഘുവായ ഒരു ആത്മഭാഷണത്തിലേക്കു നീങ്ങട്ടെ. ശേഷനെപ്പറ്റി ഈ ലേഖകൻ എഴുതിയ പുസ്തകത്തിൽ ഒരു അധ്യായം ആ സി ഐ എ ചാരവൃത്തിയെപ്പറ്റിയായിരുന്നു.
പുസ്തകം വിപണിയിൽ എത്താൻ തുടങ്ങിയതേയുള്ളു, അപ്പോഴേക്കും ഹിന്ദിവിരോധത്തെയും ദ്രാവിഡ പ്രക്ഷോഭത്തെയും സി ഐ എ സ്വാധീനഫലമായി ചിത്രീകരിക്കുന്ന നിലപാടിനെതിരെ കോലാഹലമായി. വഴിക്കു വഴി പുസ്തകം നിരോധിക്കണമെന്ന് മുറവിളി ഉയർന്നു. ആരെയും അത്ഭുതപ്പെടുത്താതെ, അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ആവശ്യം പുസ്തകം തടയുക - കോടതി അനുവദിച്ചു. വേറെ നാലഞ്ചു കേമന്മാർ ആ ആവശ്യം ഉന്നയിച്ച് കേസു കൊടുക്കുന്നതിൽ മത്സരിച്ചു വിജയിച്ചു. ഭാഷക്കു വേണ്ടിയും ഭാഷക്കെതിരെയും ഓരോരുത്തർ കെട്ടുന്ന വേഷങ്ങൾ ഇതിലും നന്നായി ഉദാഹരിക്കാൻ പറ്റിയെന്നു വരില്ല.
അമിത് ഷാ പറഞ്ഞതിനെ ഖണ്ഡിക്കാനൊന്നുമില്ലെങ്കിലും ചെന്നിത്തലയും പിണറായിയും രാജയുമൊക്കെ ചന്ദ്രഹാസമിളക്കി. അതൊരു അവസരമായിരുന്നു. പണ്ടൊരിക്കൽ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഇന്ത്യ കണ്ടതാണ് ഭാഷയുടെ പേരിലുള്ള ആ പടവാളിളക്കം. അഹിന്ദിഭാഷികൾ ആഗ്രഹിക്കുന്നേടത്തോളം ഇംഗ്ലിഷിന് ഇന്ത്യയിൽ ഇപ്പോഴുള്ള സ്ഥാനം നിലനിൽക്കുമെന്ന് പ്രധാനമന്ത്രി നെഹ്‌റു ഉറപ്പു നൽകിയിട്ടേ പ്രക്ഷോഭം നിലച്ചുള്ളു. അതിനിടെ സി. സുബ്രഹ്മണ്യത്തെപ്പൊലുള്ള നേതാക്കൾ കേന്ദ്രമന്ത്രിസഭയിൽനിന്ന് വിട്ടുപോവുകപോലും ഉണ്ടായി.
അതിലും രാഷ്ട്രീയനഷ്ടമുണ്ടായത് കോൺഗ്രസിനു തന്നെ. പുത്തൻ കൂറ്റ് കോൺഗ്രസുകാരും, ഭാഷയുടെ പേരിൽ ഇപ്പോൾ കാണുന്ന വേഷം കെട്ടുകൾ നോക്കി, പഴയ പ്രക്ഷോഭത്തെ ഓർത്തിരിക്കാം. സ്വാതന്ത്ര്യത്തിന്റെ ഭാഷയായിരുന്നു ഹിന്ദി. സ്വാതന്ത്ര്യസമരത്തിനിടെ ഹിന്ദി പഠിച്ചതിന് പാരിതോഷികവും ബഹുമതിയും നൽകണമെന്ന് ആചാര്യ കലേൽക്കർ കമ്മിറ്റിയോ മറ്റോ ശുപാർശ ചെയ്യുകപോലുമുണ്ടായി. ഹിന്ദിവിരോധത്തിന്റെ പേരിലുള്ള പ്രക്ഷോഭത്തിൽ പലരും മറന്നുപോകുന്നു ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്നതാണ് ആ ഭാഷ. ഏറ്റവുമധികം ഇന്ത്യക്കാരുടെ സാംസ്‌കാരിക പശ്ചാത്തലം ഉറപ്പിച്ചെടുക്കുന്നതാണ് ആ ഭാഷ.
അതുകൊണ്ടു തന്നെ, ഏത് ഇന്ത്യക്കാരനും ഇംഗ്ലിഷ് ഉൾപ്പടെ മറ്റേതു ഭാഷ പഠിക്കുന്നതിനെക്കാൾ എളുപ്പമാകും ഹിന്ദിപഠനം. ആ അർഥത്തിൽ ഇന്ത്യയുടെ സാംസ്‌കാരികപ്രാണവായു ആകുന്നു ഹിന്ദി. അത് മാതൃഭാഷയല്ലാത്തവർക്ക് വൈഷമ്യവും പക്ഷഭേദവും അനുഭവപ്പെടാതെ ഹിന്ദി എങ്ങനെ അഭ്യസിപ്പിക്കാം എന്നായിരിക്കണം ആലോചന. ഈ പ്രകരണവുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഭാഷയുടെ മറ്റു ചില വേഷം കെട്ടുകൾ ചൂണ്ടിക്കാട്ടട്ടെ. ക്ലാസിക്കൽ ഭാഷയായി മലയാളികൾ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന മലയാളത്തിൽ നാരായണഗുരുവിന്റെയും മറ്റും നവോഥാനാശയം തെറ്റായി വിനിമയം ചെയ്തിരിക്കുന്നുവത്രേ.
'പൊതുനിയമന കാര്യാലയം' എന്ന് ചിലർ തർജമ ചെയ്യുന്ന പബ്ലിക് സർവീസ് കമ്മിഷനും ആ വകുപ്പിൽ അബദ്ധം പറ്റിയിട്ടുണ്ടെന്ന് സാന്ദ്രാനന്ദ സ്വാമി പറയുന്നു. ചൂണ്ടിക്കാട്ടിയിട്ടും അവരൊന്നും അതു തിരുത്താൻ മെനക്കെടാത്തതാണ് 'സാന്ദ്രാനന്ദാവബോധാത്മക'മായ അനുഭവം. ഭാഷയുടെ വേഷം കെട്ടുകൾ അഴിച്ചുനോക്കുന്നതിനിടെ എഴുത്തുകാരനായ സക്കറിയ ഒരിടത്ത് പറയുന്നു: 'അതിവൈകാരികത മലയാളത്തിന്റെ ഒരു പ്രശ്‌നമാണ്. അതിവൈകാരികത വന്നു ചേരുമ്പോൾ പറയുന്നതെല്ലാം കളവാകും.'
ആളുകൾ മരിക്കുമ്പോഴും പുരസ്‌കരിക്കപ്പെടുമ്പോഴും നമ്മൾ അഭിഷേകത്തിന് ഉപയോഗിക്കുന്ന വാക്കുകൾ നോക്കിയാൽ അതിവൈകാരികത ബോധ്യപ്പെടും. വാക്കും അർഥവും പാർവതീപരമേശ്വരന്മാരെപ്പോലെ യോജിച്ചിരിക്കണമെന്നായിരുന്നു കാളിദാസന്റെ ആദ്യത്തെ പ്രാർഥന.