ന്യൂദൽഹി- പാകിസ്താൻ ആസ്ഥാനമായ ഭീകര സംഘടന, ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി പ്രവർത്തനം ആരംഭിച്ചു. മജ്‌ലിസ് വുറാസെ ഇ ഷുഹുദ ജമ്മു വാ കശ്മീർ എന്നാണ് സംഘടനയുടെ പുതിയ പേര്. കാശ്മീർ രക്തസാക്ഷികളുടെ പിൻഗാമികളുടെ കൂട്ടായ്മ എന്നാണ് പുതിയ പേരിന്റെ അർത്ഥം. ഇന്ത്യയിലെ ഭീകരവാദ വിരുദ്ധ ഏജൻസികളാണ് ഭീകര സംഘടന പേര് മാറ്റിയതായി വ്യക്തമാക്കിയത്. രാജ്യാന്തര ഭീകരനായി നേരത്തെ പ്രഖ്യാപിക്കപ്പെട്ട മസൂദ് അസ്ഹറിന്റെ സഹോദരൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഗറാണ് സംഘടനയുടെ പുതിയ തലവൻ. സംഘടനയുടെ കൊടിയിൽ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. അൽ ജിഹാദ് എന്നിടത്ത് അൽ ഇസ്ലാം എന്നെഴുതിയതാണ് കൊടിയിൽ വരുത്തിയിരിക്കുന്ന മാറ്റം.
ഖുദം അൽ ഇസ്്‌ലാം, അൽ റഹ്്മത് ട്രസ്റ്റ് എന്നീ പേരുകളിൽ ജെയ്‌ഷെ മുഹമ്മദ് നേരത്തെ അറിയപ്പെട്ടിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ജെയ്‌ഷെ മുഹമ്മദിന്റെ ബാലക്കോട്ടിലെ പരിശീലന കേന്ദ്രം വ്യോമാക്രമണത്തിൽ തകർത്തിരുന്നു. ഇതിന് ശേഷമാണ് ഈ സംഘടനയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമായതും പാകിസ്താൻ നടപടിയെടുക്കാൻ നിർബന്ധിതമായതും. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.