റിയാദ്- ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ.അബ്ദുല്ലത്തീഫ് അൽസയ്യാനി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ചർച്ച നടത്തി.യു.എൻ ജനറൽ അസംബ്ലി യോഗത്തോടനുബന്ധിച്ചാണ് ജി.സി.സി സെക്രട്ടറി ചർച്ച നടത്തിയത്.
മേഖലയിലെ പുതിയ രാഷ്ട്രീയ, സുരക്ഷാ സ്ഥിതിഗതികളും സംഭവവികാസങ്ങളും, സംഘർഷങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനും സുരക്ഷയും സമാധാനവുമുണ്ടാക്കുന്നതിനും യു.എൻ നടത്തുന്ന ശ്രമങ്ങളും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു.
ലോക സുരക്ഷക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ ഐക്യരാഷ്ട്ര സംഘടന കർത്തവ്യം വഹിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ.അബ്ദുല്ലത്തീഫ് അൽസയ്യാനി ഊന്നിപ്പറഞ്ഞു. സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ ജി.സി.സി സെക്രട്ടറി ജനറൽ അപലപിച്ചു.
സമാധാനം ലോക സമ്പദ്‌വ്യവസ്ഥക്ക് അങ്ങേയറ്റം പ്രധാനമാണെന്ന കാര്യം കണക്കിലെടുത്ത് ഗൾഫിൽ കപ്പൽ ഗതാഗത, വ്യാപാര സുരക്ഷയും എണ്ണ വിതരണവും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ശ്രമങ്ങൾ ഊർജിതമാക്കണമെന്നും ഡോ.അബ്ദുല്ലത്തീഫ് അൽസയ്യാനി പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങൾക്കുള്ള ജി.സി.സി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ.അബ്ദുൽ അസീസ് ഹമദ് അൽഉവൈശിഖും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.