ന്യൂദല്‍ഹി-2021ല്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് ഇനി ഡിജിറ്റല്‍ രീതിയിലായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുകയെന്നും, കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സെന്‍സസ് ഡിജിറ്റല്‍ ആക്കുന്നതിലൂടെ കണക്കെടുപ്പ് പ്രക്രിയ കൂടുതല്‍ ലളിതമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതായത് പേപ്പര്‍ ഉപയോഗിച്ചുള്ള കണക്കെടുപ്പില്‍നിന്ന് ഡിജിറ്റല്‍ രീതിയിലേയ്ക്ക് മാറും. വിവര ശേഖരണത്തിനായി ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ആപ്ലിക്കേഷന്‍ തദ്ദേശീയമായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021ലെ സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കും. ഒബിസി വിഭാഗത്തിന്റെ കണക്കെടുപ്പും അടത്തു സെന്‍സസില്‍ ഉണ്ടാകും. 12,000 കോടിയാണ് ഡിജിറ്റല്‍ കണക്കെടുപ്പിന് നീക്കിവെക്കുന്നത്.അവസാനമായി കണക്കെടുപ്പ് നടന്നത് 2011ല്‍ ആയിരുന്നു. 121 കോടിയായിരുന്നു അന്ന് ഇന്ത്യയിലെ ജനസംഖ്യ.