മുസഫര്‍നഗര്‍- രണ്ട് നവജാത ശിശുക്കള്‍ കുളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളെ റിമാന്‍ഡ് ചെയ്തു.ഉത്തര്‍ പ്രദേശില്‍ മുസഫര്‍നഗര്‍ ജില്ലയില്‍ ഭിക്കി ഗ്രാമത്തിലാണ് 20 ദിവസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം.
മാതാപിതാക്കളായ വസീമിനേയും നസ്മയയേ യുമാണ് റിമാന്‍ഡ് ചെയ്തത്. കൂലിപ്പണിക്കാരനായ വസീമിന് ഏഴു വയസ്സായ മകനുണ്ട്. തന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും രണ്ട് പെണ്‍മക്കളെ വളര്‍ത്താനാകത്തതിനാലാണ് കൊലപ്പെടുത്തിയതെന്നും വസീം പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.
ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് അഫ്രീന്‍, ആഫിയ എന്നീ കുഞ്ഞുങ്ങളെ വീടിനു സമീപത്തെ കുളത്തില്‍ എറിഞ്ഞതെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജയ് കുമാര്‍ പറഞ്ഞു.
കുഞ്ഞുങ്ങളെ കാണാതായെന്ന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് പോലീസിനെ വഴിതെറ്റിക്കാന്‍ വസീം ശ്രമിച്ചിരുന്നു. ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചതിനു ശേഷം വസീം ക്ഷുഭിതനായിരുന്നുവെന്നും ഭാര്യയോട് വഴക്കിടാറുണ്ടെന്നും സമീപ വാസികള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്പതികള്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.