Sorry, you need to enable JavaScript to visit this website.

89 ന്റെ നിറവിൽ അഭിമാനത്തോടെ


വികസിത രാജ്യങ്ങളുടെ മുൻനിരയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യക്ക് അഭിമാനത്തിന്റേതായ മറ്റൊരു ദേശീയദിനം കൂടെ. ഇന്ന് സൗദി അറേബ്യയുടെ എൺപത്തി ഒൻപതാം ദേശീയ ദിനമാണ്. നാടുനീളെ വിപുലമായ ആഘോഷ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. പച്ചയിൽ വിശ്വാസവാചകം ആലേഖനം ചെയ്ത കൊടി തോരണങ്ങൾ കൊണ്ടും ദീപാലങ്കാരങ്ങൾ കൊണ്ടും നാടും നഗരവും അണിഞ്ഞൊരുങ്ങി നിൽക്കുന്നു. കൂടാതെ വിവിധ പരമ്പരാഗത കലാ സാംസ്‌കാരിക പരിപാടികളും നടക്കുന്നുണ്ട്.
പകിട്ടാർന്ന ഈ ആഘോഷങ്ങൾക്കപ്പുറത്ത് അഭിമാനത്തോടെ ഓർത്തെടുക്കാൻ ഓരോ സൗദി പൗരനും ഒട്ടേറെ കാര്യങ്ങളുണ്ട്. ലോക സമക്ഷം സമർപ്പിക്കാൻ അഭിമാനത്തിന്റെ കഥകളുണ്ട്. തരിശായ മണൽ കാട്ടിൽ നിന്നും ഒട്ടകയുദ്ധത്തിന്റെ കടുത്ത യാതനകളും പിന്നിട്ട് ലോക രാജ്യങ്ങൾക്ക് മുന്നിൽ ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ഒരു ജനതയുടെ തേരോട്ടത്തിന്റെ കഥ. വിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ടു തന്നെ ആഗോള ഭീമന്മാർക്കൊപ്പം കൈകോർത്ത് മുന്നേറാനാകുമെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഭരണാധികാരികളുടെ നേതൃമികവിന്റെ കഥ.
ഏതാനും വർഷങ്ങൾക്കപ്പുറത്ത് എടുത്തു പറയത്തക്ക വികസനങ്ങളൊന്നും തന്നെ എത്തിയിട്ടില്ലായിരുന്നു സൗദി അറേബ്യയിൽ. പെട്രോളിന്റെ സാന്നിദ്ധ്യം  ഒരു വികസന വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഇന്ന് പാരീസിനോടും ന്യൂയോർക്കിനോടും കിടപിടിക്കുന്ന ആകാശ ചുംബികളായ കെട്ടിട സമുച്ചയങ്ങൾ കൊണ്ടും, മൊട്ടുസൂചി മുതൽ മോട്ടോർ കാർ വരെ ലഭിക്കുന്ന കൂറ്റൻ മാളുകൾ കൊണ്ടും, ലോകത്തെ അത്യാധുനിക സാങ്കേതിക വിദ്യകൾ കൊണ്ടും സമ്പന്നമാണ് ഈ രാജ്യം.


ഒരു കുടക്കീഴിൽ സർവ്വതും ലഭിക്കുന്ന ഷോപ്പിംഗ് മാളുകൾ, വൃത്തിയും വെടിപ്പും ഒത്ത് ചേർന്ന രാജവീഥികൾ, ആഡംബരത്തിൽ ഏറ്റവും ആധുനികമായ വാഹനങ്ങൾ, വൈദ്യുതി ദീപങ്ങളാൽ അലങ്കൃതമായ തെരുവോരങ്ങൾ, സൗദി അറേബ്യയുടെ ഒരു ലഘു ചിത്രമാണിത്.
എണ്ണ വരുമാനത്തിൽ അപ്രതീക്ഷിതമായുണ്ടായ വിലയിടിവിൽ പകച്ചു നിൽക്കാതെ സാധ്യമായ മറ്റു മാർഗ്ഗങ്ങളിലൂടെ മുന്നോട്ടു പോവാനും ആധുനിക ലോകത്ത് തങ്ങളുടെ സ്ഥാനം നിലനിർത്താനും സൗദിക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിഷൻ 2030 എന്ന ബൃഹത് പദ്ധതിക്ക് ഭരണകൂടം തയ്യാറായത്.
തൊഴിൽ രംഗങ്ങളുടെ സമൂലമായ മാറ്റങ്ങൾക്ക് സൗദി വേദിയാവുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭൂമിയുടെ പുറം തോട് പിളർന്നൊഴുകിയ പെട്രോളിന്റെ അനുഗൃഹീത സമ്പത്ത് ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും തൊഴിൽ തേടിയുള്ള ഒരു പ്രവാഹത്തിന് തന്നെ സൗദി സാക്ഷിയായി. കാര്യമായ നിയന്ത്രണങ്ങളോ കാര്യമായ ചെലവുകളോ ഇല്ലാതെ ലോകത്തിന്റെ മുന്നിൽ തൊഴിൽ വിപണി തുറന്നിട്ടുകൊണ്ട് ഉദാത്തമായ ഉദാരതയാണ് സൗദി ഭരണകൂടം കാണിച്ചത്. അതുകൊണ്ടുതന്നെ തൊഴിൽ വിപണി വിദേശ തൊഴിലാളികളുടെ കുത്തകയിലമർന്നു. ഇതിനിടെ അഭ്യസ്ത വിദ്യരായ സൗദി യുവതീയുവാക്കളുടെ തൊഴിലില്ലായ്മ ഒരു വലിയ പ്രശ്‌നമായി സർക്കാറിന് മുന്നിൽ എത്തിയപ്പോഴാണ് ശക്തമായ തൊഴിൽ നിയമങ്ങൾ കൊണ്ടുവരാൻ ഭരണകൂടം തയ്യാറായത്.
പരിമിതമായ സർക്കാർ മേഖല കൊണ്ടുമാത്രം പൂർത്തീകരിക്കാൻ കഴിയുന്നതായിരുന്നില്ല സൗദി യുവതീയുവാക്കളിലെ തൊഴിലില്ലായ്മ. അതിന് പരിഹാരമായാണ് ഘട്ടം ഘട്ടമായ സ്വദേശീവത്കരണവും നിതാഖാത്ത് പോലുള്ള പരിഷ്‌കരണങ്ങളും കൊണ്ടുവന്നത്.
ഇത്തരം കടുത്ത പരിഷ്‌കരണങ്ങൾ കൊണ്ടു വന്നപ്പോഴും വിദേശ തൊഴിലാളികളുടെ കാര്യമായി കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. സ്വകാര്യ മേഖലയിൽ നിശ്ചിത ശതമാനം സ്വദേശി വൽക്കരിച്ചതോടെ ഒട്ടേറെ സൗദികൾക്ക് ജോലി ലഭിച്ചു എന്നത് മാത്രമല്ല അതിന്റെ സാമൂഹ്യമായ മാറ്റവും പ്രതിഫലിക്കുന്നുണ്ട്. 
റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരും കടകളിലും മറ്റും കയറി പ്രശ്‌നം സൃഷ്ടിക്കുന്നവരും, വിദേശികളുടെ വാഹനങ്ങൾക്ക് കല്ലെറിയുന്നവരും ഇന്ന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക വരുമാനം ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങൾ നാം സ്വാഗതം ചെയ്യേണ്ടതാണ്. സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യവും, പൊതു ഇടങ്ങളിൽ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടതോടെ ആയിരക്കണക്കായ യുവതികൾ സ്വകാര്യ മേഖലയിൽ ജോലിക്ക് എത്തിത്തുടങ്ങി. ഇന്ന് അഭിമാനത്തോടെ സൗദി വനിതകൾ വാഹനം ഓടിക്കുകയും കടകളിലും ഷോപ്പിംഗ് സെന്ററുകളിലും ജോലി ചെയ്യുന്നുമുണ്ട്.


ഭരണകൂടത്തിന്റെ പരിഷ്‌കരണങ്ങളെ നിറഞ്ഞ മനസ്സോടെയാണ് ഓരോ സൗദി പൗരനും സ്വാഗതം ചെയ്തത്. സൗദിയുടെ സാമ്പത്തിക രംഗം പരിഷ്‌കരിക്കപ്പെട്ടു കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിൽ പോയി ബിരുദം സമ്പാദിച്ചെത്തിയ പഴയകാലത്തിന് വിട നൽകി രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും കലാലയങ്ങൾ ഉയർന്നുകഴിഞ്ഞു. വിവിധ വിഷയങ്ങളിലെ പഠനത്തിന് ശേഷം ഉന്നത ബിരുദങ്ങൾ നേടി ആയിരക്കണക്കായ യുവതീയുവാക്കളാണ് ഓരോ വർഷവും പുറത്തുവരുന്നത്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാർമികത്വത്തിൽ വൻ പരിഷ്‌കാരങ്ങളാണ് സൗദിയിൽ നടന്നു കൊണ്ടിരിക്കുന്നത്. വിഷൻ 2030 പൂർത്തിയാവുന്നതോടെ ഒരു പുതിയ സൗദി അറേബ്യയാകും പുനർജനിക്കുക. രാജ്യത്തിന്റേയും പൗരന്മാരുടേയും ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളുമായി സൗദി അറേബ്യ മുന്നേറുക തന്നെ ചെയ്യും. വരാനിരിക്കുന്ന കാലം സൗദിഅറേബ്യയെ സംബന്ധിച്ചിടത്തോളം വൻ മാറ്റങ്ങളുടേതാകും.
ലോകത്ത് പീഡിപ്പിക്കപ്പെടുന്നവരും നിരാലംബരുമായ ജനതയെ സഹായിക്കാനായി ആദ്യമായി നീളുന്ന കൈ സൗദി അറേബ്യയുടേതാണ്. 
അഫ്ഗാനിലും സിറിയയിലും ഫലസ്തീനിലും മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങളിൽ അടക്കം സൗദിയുടെ സഹായം ചെന്നെത്താത്ത രാജ്യങ്ങൾ ചുരുക്കമാണ്.

 

Latest News