സഹിഷ്ണുത, കാരുണ്യം തുടങ്ങിയ വികാരങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളുകയും അതനുസരിച്ചു വിദേശ തൊഴിലാളികൾക്ക് അഭയമൊരുക്കുകയും ചെയ്യുന്ന പുണ്യഭൂമിയാണ് സൗദി അറേബ്യ.
ആതിഥേയ മര്യാദയും, സമ്പന്നതയും, ഉദാരതയും സൗദി അറേബ്യയിലേക്ക് വിദേശ തൊഴിലാളികളുടെ ഒഴുക്കിന് കാരണമായിട്ടുണ്ട്.
എന്നാൽ സൗദി അറേബ്യയിന്ന് പരിഷ്‌കരണത്തിന്റെ പാതയിലാണ്. രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും, കിരീടാവകാശിയും, പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ നടക്കുന്നത്. ദേശീയ പരിവർത്തന പദ്ധതി, വിഷൻ 2030 തുടങ്ങിയ പദ്ധതികൾ.
എടുത്തു പറയേണ്ട പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് വനിതാ ശാക്തീകരണത്തിനായി സൗദിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ.
വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചിട്ടിപ്പോൾ ഒരു കൊല്ലം പിന്നിടുന്നു. പൈലറ്റ് ആയി സ്വദേശി വനിതയെ നാസ് എയർ ലൈൻസിൽ നിയമിച്ചതും അടുത്ത കാലത്താണ്.
ഇതിനൊക്കെ പുറമേയാണ് 21 വയസിൽ കൂടുതൽ പ്രായമുള്ള സൗദി വനിതകൾക്ക് പുരുഷ/ രക്ഷാകർത്താക്കളുടെ അനുമതി കൂടാതെ വിദേശ യാത്ര നടത്തുന്നതിനും ,പാസ്‌പോർട്ട് നേടുന്നതിനും അനുവദിക്കുന്നതിനുള്ള നിയന്ത്രണം എടുത്തു കളഞ്ഞത് ചരിത്രപരമായ ഒരു തീരുമാനമാണ്.
ചരിത്രത്തിലേക്ക് നടന്ന് കയറിയ റീമ
ഒരു രാജ്യത്തിൻെറ വളർച്ചക്ക് പുരുഷനോട് തോൾചേർന്ന നിലയിൽ സ്ത്രീകളുടെ സേവനങ്ങളും പങ്കാളിത്തവും അത്യന്താപേക്ഷിതമാണ്.
അമേരിക്കയിലെ സൗദി അംബാസഡറായി സൗദി ഭരണ നേതൃത്വം തെരഞ്ഞെടുത്തത് ഒരു വനിതയെ ആണ്. റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ അൽ സഊദ്.
സൗദിയിലെ സ്ത്രീ ശാക്തീകരണ പദ്ധതികൾക്കു വേണ്ടി നിലകൊള്ളുകയും അതിനായി പ്രവർത്തിക്കുകയും ചെയ്ത ശക്തയായ വനിതയാണ് അവർ. റീട്ടെയിൽ വിപണന രംഗത്തു സൗദിയിൽ ആദ്യമായ് സ്ത്രീകളെ നിയമിച്ചത് റീമയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഹാർവേ നിക്കോൾസ് സ്‌റ്റോറുകളിലാണ്.സാമൂഹിക പ്രതിബദ്ധത, മികച്ച ഭാവന, രാഷ്ട്രത്തെ ജനങ്ങളുടെ ക്ഷേമം, എന്നിവയെല്ലാം ദൃശ്യമാകുന്നതാണ് റീമ ബിൻത് ബന്ദറിന്റെ ഇതുവരെയുളള പ്രവർത്തനങ്ങൾ.
സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി ഒരു വനിതയെ നിയമിക്കുന്നത്. ഇബ്തിസം അൽ അശ്ഹരിയാണ് ആ പദവിയിലേക്കെത്തിയ വനിത.
മാധ്യമ രംഗത്തു കടന്നുവരാൻ വനിതകൾക്ക് കൂടുതൽ അവസരങ്ങളും സ്വാതന്ത്ര്യവും നൽകുന്നതിനുള്ള തീരുമാനവും ശ്ലാഘനീയമാണ്.
ഇതിനു പുറമേ,ശൂറാ കൗൺസിലിൽ വനിതകളുടെ സാന്നിധ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനുമുള്ള അവസരം, സർക്കാർ വകുപ്പുകൾ-വിദേശ നയതന്ത്ര കാര്യാലയങ്ങളിലുള്ള വനിതാ സാന്നിദ്ധ്യം, ചേംബർ ഓഫ് കൊമേഴ്‌സിലെ വനിതാ പ്രാതിനിധ്യം തുടങ്ങിയവയും സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിയതാണ്.
വിവിധ മേഖലകളിലെ സൗദിവനിതകളുടെ നിലവിലുള്ള നിറ സാന്നിധ്യവും സംഭാവനകളും തെളിയിക്കുന്നത് 'സ്ത്രീശാക്തീകരണ മേഖലയിലെ പദ്ധതികൾ ലക്ഷ്യം പ്രാപിച്ചു തുടങ്ങി എന്നുതന്നെയാണ്.
പൊതു ഇടങ്ങളിലും തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന നിയമങ്ങളാണ് സൗദിയിൽ നിലവിലുള്ളത്.
രാജ്യത്ത് പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും തുല്യ പദവിയുണ്ടെന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം സ്ത്രീ-പുരുഷ പങ്കാളിത്തത്തോടെ പുതിയ പദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിക്കൊണ്ടാണ് സൗദി വനിതാ ശാക്തീകരണം ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നത്.
സമസ്ത മേഖലകളിലും പോറ്റമ്മയായ രാജ്യം പുരോഗതിയിലേക്കു കുതിക്കുന്ന ശുഭനാളുകൾക്കായി പ്രതീക്ഷയോടെ നമ്മൾക്കും കാത്തിരിക്കാം.
വളയിട്ട കൈകൾ വീഥിയിലും വിമാനത്തിലും
2018 ജൂൺ 24 സൗദി അറേബ്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതു അന്നായിരുന്നു.
വനിതകൾ നേരിടുന്ന പ്രതിസന്ധികളിൽ സുപ്രധാനമായ ഒന്നായിരുന്നു യാത്രാ സൗകര്യം. സ്വദേശികളായ സ്ത്രീകൾക്ക് മികച്ച സേവന വേതന വ്യവസ്ഥകളുള്ള ജോലി ലഭിച്ചാലും യാത്രാക്ലേശം കാരണം അതൊഴിവാക്കുക പതിവായിരുന്നു.
എന്നാൽ പുരുഷന്മാരെ ആശ്രയിക്കാതെ യാത്ര ചെയ്യാൻ കഴിയുന്നത് വനിതാശാക്തീകരണത്തിന് പകരുന്ന ഊർജം വളരെ വലുതാണ്.
ഇത് തൊഴിൽ വിപണിയിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്നു കണക്കാക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീ ശാക്തീകരണ പദ്ധതികൾക്ക് വേഗം കൂട്ടാൻ ഡ്രൈവിംഗ് ലൈസൻസ് അനുമതി സഹായകമാകും.
നിലവിൽ സ്വദേശികൾക്കു പുറമേ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശി വനിതകളും ഡ്രൈവിംഗ് ലൈസൻസ് നേടിക്കഴിഞ്ഞു.
സൗദി അറേബ്യയുടെ നഗര വീഥികളിൽ മാത്രമല്ല ആകാശ വീഥികളിലേക്കുയർന്നു സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വിടർത്താൻ, സൗദിയിൽ വനിതകൾക്ക് പൈലറ്റ് പരിശീലനത്തിനുള്ള അവസരവും തുറക്കപ്പെട്ടു കഴിഞ്ഞു. ഇതിനായി വൈമാനിക പരിശീലന രംഗത്തെ ലോകോത്തര സ്ഥാപനങ്ങളിലൊന്നായ ഓസ്‌ഫോർഡ് ഏവിയേഷൻ അക്കാഡമിയാണ് സൗദിയിലെ ദമാമിൽ അവസരമൊരുക്കുന്നത്.
എയർക്രാഫ്റ്റ് അറ്റകുറ്റപ്പണികൾക്കായുള്ള ഒരു സ്‌കൂളും എയർപോർട്ട് ഫ്‌ളൈറ്റ് സിമുലേറ്റർമാർക്കുള്ള ഒരു അന്താരാഷ്ട്ര കേന്ദ്രവും ഉൾപ്പെടുന്ന 300 മില്യൻ ഡോളർ പദ്ധതിയുടെ ഭാഗമാണ് വനിതാ പൈലറ്റ് അക്കാദമി.
നൂറുകണക്കിന് സ്ത്രീകളിൽ നിന്നാണ് ഇതിനകം ദമാമിലെ കിഴക്കൻ പ്രവിശ്യയിലുള്ള ഓക്‌സ്‌ഫോർഡ് ഏവിയേഷൻ അക്കാദമി ശാഖയിലേക്ക് അപേക്ഷകൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
സൗദി നാഷനൽ കമ്പനി ഓഫ് ഏവിയേഷന്റെ നിയന്ത്രണത്തിലാണ് ദമാമിലെ അക്കാഡമിയുടെ പ്രവർത്തനം. ഓരോ വർഷവും 400 ഓളം കേഡറ്റുകൾക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുക.
സൗദി അറേബ്യയിലെ ആദ്യ വനിതാ കൊമേർഷ്യൽ പൈലറ്റ് ഹനാദി സകരിയ അൽഹിന്ദിയാണ്.